gnn24x7

യുഎഇയിൽ വീണ്ടും മുന്നറിയിപ്പ്, ദുബായ് വിമാനത്താവളം പ്രവർത്തനം നിർത്തിവെച്ചു

0
284
gnn24x7

യുഎഇയിൽ വീണ്ടും അല‍ർട്ട്. രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനം നിലവില്‍ ഒരു മിസൈൽ ആക്രമണ ഭീഷണി പ്രതിരോധിക്കുകയാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ജനങ്ങൾ സുരക്ഷിതമായ സ്ഥാനങ്ങളില്‍ തുടരണമെന്നും ഔദ്യോഗിക ചാനലുകള്‍ വഴിയുള്ള മുന്നറിയിപ്പുകളും അപ്ഡേറ്റുകളും പിന്തുടരണമെന്നും അധികൃതർ അറിയിച്ചു. ദുബായ് വിമാനത്താവളം പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് നടപടി പുരോഗമിക്കുന്നു.

യുഎഇയിലെ പ്രവാസികൾക്കായി കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. യുഎഇയിൽ നിലനിൽക്കുന്ന പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് എംബസിയുടെ ജാ​ഗ്രത നിർദേശം. പ്രവാസികളും സന്ദർശകരും അതീവ ജാഗ്രത പാലിക്കണമെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നുമാണ് എംബസി അറിയിക്കുന്നത്. സമാധാനം പാലിക്കണമെന്നും യുഎഇ അധികൃതരുടെ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും എംബസിയുടെ മുന്നറിയിപ്പിലുണ്ട്.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് യുഎഇയിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണം. ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി ശ്രദ്ധിക്കണം. സാധാരണ വിമാന സർവീസുകൾ ഇപ്പോഴും നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ, യുഎഇ അധികൃതരുടെ അനുമതിയോടെ ഇന്ത്യൻ, യുഎഇ വിമാനക്കമ്പനികൾ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് പരിമിതമായ തോതിൽ പ്രത്യേക സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ഈ സേവനം പ്രയോജനപ്പെടുത്താം. അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ കോൺസുലേറ്റും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. പാസ്‌പോർട്ട്, വിസ, മറ്റ് കോൺസുലർ സേവനങ്ങൾ എന്നിവ തടസ്സമില്ലാതെ ലഭ്യമാണ്. വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് കേന്ദ്ര സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്.

gnn24x7