gnn24x7

അഞ്ച് വർഷത്തിൽ ജനസംഖ്യ കുതിച്ചുയർന്നു; അയർലണ്ടിൽ ജിപി ക്ഷാമം രൂക്ഷം

0
82
gnn24x7

അയർലണ്ടിൽ കുടുംബ ഡോക്ടർമാരുടെ (GP) കടുത്ത ക്ഷാമം തുടരുന്നതിനിടെ സ്വന്തം പ്രദേശത്ത് ജിപിയെ കണ്ടെത്താനാകാതെ ആയിരക്കണക്കിന് ആളുകൾ HSEയുടെ സഹായം തേടിയതായി പുതിയ കണക്കുകൾ. ഈ വർഷം മാത്രം 5,700-ലധികം പേരാണ് ജിപിയെ കണ്ടെത്താൻ ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്ന് HSEയെ സമീപിച്ചത്. ന്യൂസ്റ്റോക്കിന് HSE നൽകിയ വിവരങ്ങൾ പ്രകാരം, രാജ്യത്തെ ജനസംഖ്യ വർധിക്കുന്ന വേഗതയ്ക്ക് അനുസരിച്ച് പുതിയ ജിപിമാരുടെ എണ്ണം വർധിക്കുന്നില്ല. 2020 മുതൽ 2025 വരെയുള്ള അഞ്ച് വർഷത്തിനിടെ രാജ്യത്തെ ജനസംഖ്യ 4.8 ലക്ഷത്തിലധികം വർധിച്ചപ്പോൾ പുതിയ ജിപിമാരുടെ എണ്ണം 200ൽ താഴെ മാത്രമാണ് കൂടിയത്.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

ഇതിനിടെ, കൗണ്ടി ലോത്തിലും റോസ്‌കോമണിലും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒരു പുതിയ ജിപി പോലും സേവനം ആരംഭിച്ചിട്ടില്ല. ഗാൽവേയിൽ നാല് ജിപിമാരും, മയോ, വെക്സ്ഫോർഡ്, വെസ്റ്റ് കോർക്ക്, ഡൺ ലേരി എന്നിവിടങ്ങളിൽ രണ്ട് വീതവും, ക്ലെയറിൽ ഒരാൾ മാത്രവുമാണ് പുതുതായി സേവനമാരംഭിച്ചത്. 2020 മുതൽ 2025 വരെയുള്ള കാലയളവിൽ പൊതു ആരോഗ്യ പദ്ധതിയായ ജനറൽ മെഡിക്കൽ സർവീസസ് (GMS) കരാറിനേക്കാൾ സ്വകാര്യ കരാറുകൾ സ്വീകരിച്ച ജിപിമാരുടെ എണ്ണം ഇരട്ടിയായതായും HSEയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

2020ൽ മെഡിക്കൽ കാർഡ് ഉടമകൾക്ക് സേവനം നൽകിയിരുന്ന GMS ഡോക്ടർമാരുടെ എണ്ണം 2,534 ആയിരുന്നു. അതേസമയം GMS പദ്ധതിക്ക് പുറത്തുള്ള സ്വകാര്യ ജിപിമാർ 500 പേരായിരുന്നു. 2025ൽ GMS ഡോക്ടർമാരുടെ എണ്ണം 2,593 ആയി നേരിയ തോതിൽ വർധിച്ചപ്പോൾ, സ്വകാര്യ ജിപിമാരുടെ എണ്ണം 634 ആയി ഉയർന്നു. ഈ സാഹചര്യം രോഗികൾക്ക് തുടർച്ചയായ ചികിത്സ ലഭിക്കുന്നതിനെ ബാധിക്കുന്നതായി സിൻ ഫെയിൻ എംപി ഡേവിഡ് കുള്ളിനാൻ പറഞ്ഞു.

കുടുംബ ഡോക്ടറുമായി ദീർഘകാല ബന്ധം പുലർത്തുന്ന രീതിയാണ് പ്രാഥമിക ആരോഗ്യ സംവിധാനത്തിന്റെ അടിസ്ഥാനമെങ്കിലും ജിപിമാരുടെ കുറവ് കാരണം രോഗികൾക്ക് പരിചിതരായ ഡോക്ടർമാരെ കാണാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനസംഖ്യ വർധനവിനൊത്ത് കൂടുതൽ ജിപിമാരെ നിയമിക്കുകയും പ്രാഥമിക ആരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് അടിയന്തര ആവശ്യമാണെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധരും അഭിപ്രായപ്പെടുന്നു.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7