മുംബൈ: ആശുപത്രികളിലെ സൌകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള ഫണ്ടിനായി ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സ്റ്റാച്യൂ ഓഫ് യൂണിറ്റി വിൽക്കുന്നുവെന്ന് ഓൺലൈനിൽ പരസ്യം നൽകിയതിനെതിരെ പൊലീസ് കേസെടുത്തു. 30000 കോടി രൂപയ്ക്ക് സ്റ്റാച്യു ഓഫ് യൂണിറ്റി വിൽക്കുന്നുവെന്നായിരുന്നു പരസ്യം.
OLX-ൽ ആണ് സ്റ്റാച്യു ഓഫ് യൂണിറ്റി വിൽപ്പനയ്ക്ക് എന്ന പരസ്യം വന്നത്. പരസ്യം നൽകിയയാളുടെ പേരുവിവരങ്ങൾ ലഭ്യമല്ല. സംഭവം വിവാദമായതോടെ പരസ്യം സൈറ്റിൽനിന്ന് നീക്കിയിട്ടുണ്ട്. എന്നാൽ ഇതിന്‍റെ സ്ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കോവിഡ് 19 വ്യാപിച്ചതിനെ തുടർന്ന് മാർച്ച് 17 മുതൽ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ സന്ദർശകരെ അനുവദിക്കുന്നില്ല. നർമദയുടെ തീരത്തു പണികഴിപ്പിച്ച സർദാർ വല്ലഭായ് പട്ടേലിന്‍റെ പ്രതിമയാണ് സ്റ്റാച്യൂ ഓഫ് ലിബർട്ടി എന്ന് അറിയപ്പെടുന്നത്. 2989 കോടി രൂപയായിരുന്നു ഇതിന്‍റെ നിർമാണ ചെലവ്. 2018-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സ്റ്റാച്യു ഓഫ് യൂണിറ്റി ഉദ്ഘാടനം ചെയ്തത്. ലോകത്തെ ഏറ്റവും ഉയരമുള്ള(182 മീറ്റർ) പ്രതിമയാണിത്.





































