gnn24x7

റിമാന്‍ഡ് പ്രതിയുടെ മരണ കാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

0
276
gnn24x7

കൊച്ചി: റിമാന്‍ഡ് പ്രതി ഷഫീക്കിന്റെ മരണ കാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം വീഴ്ചമൂലമാണോ മര്‍ദ്ദനം മൂലമാണോ തലക്ക് പരിക്കുണ്ടായതെന്ന കാര്യത്തില്‍ വ്യക്തതയില്ല. കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോക്ടർ രഞ്ജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്.

കാഞ്ഞിരപ്പള്ളി സ്വദേശിയായ ഷഫീക്കിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു പറഞ്ഞു ഷഫീക്കിന്റെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തലയിലെ പരിക്കിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണം എന്നും പോസ്റ്റുമോർട്ടം പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

ഷഫീക്കിനെ അതീവ ഗുരുതരമായ അവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത് എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. തലച്ചോറിനും തലയോട്ടിക്കും ഇടയിലുള്ള ആവരണത്തില്‍ രക്തം കട്ടപിടിച്ചതായി സി.ടി സ്‌കാന്‍ പരിശോധനയില്‍ കണ്ടെത്തിയതായും ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു.

gnn24x7