ന്യൂയോർക്ക്: അമേരിക്കയിലെ ടെക്സസിൽ സ്കൂളിൽ വെടിവയ്പ്. ആക്രമണത്തിൽ പതിനെട്ട് കുട്ടികളും അദ്ധ്യാപികയുമടക്കം ഇരുപത്തിയൊന്നുപേർ കൊല്ലപ്പെട്ടു. യുവാൾഡിയിലെ റോബ് എലമെന്ററി സ്കൂളിലായിരുന്നു സംഭവം. പതിനെട്ടുകാരനായ അക്രമി സാൽവദോർ റാമോസിനെ പൊലീസ് വെടിവച്ച് കൊന്നു.
ഏഴ് വയസിനും പത്ത് വയസിനും ഇടയിലുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. പതിനഞ്ച് കുട്ടികൾ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.മുത്തശ്ശിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷമാണ് അക്രമി സ്കൂളിലെത്തിയതെന്നാണ് സൂചന.സ്കൂളിൽ നിന്ന് വെടിയുണ്ടകളും തോക്കുകളും കണ്ടെടുത്തിട്ടുണ്ട്.
ഏകദേശം 600-ഓളം കുട്ടികൾ പഠിക്കുന്ന ടെക്‌സാസിലെ റോബ് എലമെന്ററി സ്‌കൂളിലാണ് ആക്രമണമുണ്ടായത്. സ്‌കൂൾ ക്യാമ്പസിൽ ഉച്ചയോടെയെത്തിയ തോക്കുധാരി വെടിയുതിർക്കുകയായിരുന്നു. അക്രമിയെ കീഴ്‌പ്പെടുത്തുന്നതിനിടയിൽ രണ്ട് പോലീസുകാർക്കും വെടിയേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിലാണ്. കൂടാതെ സ്‌കൂളിലെ നിരവധിയാളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
ടെക്‌സാസിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും അപലപനീയമായ ആക്രമണമാണ് നടന്നതെന്ന് അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ആക്രമണത്തിന് പിന്നാലെ അമേരിക്കയിൽ ദേശീയ പതാക താഴ്‌ത്തിക്കെട്ടി. സൂര്യാസ്തമയം വരെ ദേശീയ പതാക താഴ്‌ത്തിക്കെട്ടണമെന്നും ശനിയാഴ്ച വരെ തുടരണമെന്നുമാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശം. യുഎസ് ഭരണകൂടം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. തോക്ക് നയത്തിൽ കാര്യമായ മാറ്റം വേണമെന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ് പ്രതികരിച്ചു.
ദക്ഷിണ കൊറിയ-ജപ്പാൻ സന്ദർശനത്തിന് ശേഷം ബൈഡൻ മടങ്ങിയെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നടുക്കം രേഖപ്പെടുത്തി. അക്രമങ്ങളിൽ മനംമടുത്തെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.