gnn24x7

തിരഞ്ഞെടുപ്പിന്റെ പടിവാതിലിൽ കേരളം; ആവേശത്തിരയിൽ മാഗ്‌ ഇലക്ഷൻ സംവാദം

0
155
gnn24x7

ഹൂസ്റ്റണ്‍: പൈതൃകത്തിലും കരുത്തിലും അമേരിക്കന്‍ മലയാളി സമൂഹത്തിലെ ബൃഹത് സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) സംഘടിപ്പിച്ച ‘കേരള നിയമസഭാ ഇലക്ഷന്‍ 2021 ഡിബേറ്റ്’ രഷ്ട്രീയ വിശകലനങ്ങളുടെയും പോരാട്ട വീര്യത്തിന്റെയും ജനാധിപത്യ ബോധത്തിന്റെയും വിളംബരമായി. മാഗ് ആസ്ഥാനമായ സ്റ്റാഫോര്‍ഡിലെ കേരളാ ഹൗസില്‍ വച്ച് 2021 മാര്‍ച്ച് 28 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് ആണ് ഡിബേറ്റിന് തുടക്കം കുറിച്ചത്.

കേരളാ നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രചാരണങ്ങള്‍ ആവേശപൂര്‍വ്വം കൊട്ടിക്കലാശത്തിലേയ്ക്ക് അടുന്ന സമയത്തെ സംവാദം യുക്തിസഹമായി. ഡിബേറ്റില്‍ കാലിക പ്രസക്തമായതും പ്രവാസികള്‍ നേരിടുന്നതുമായ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്ത, ആവേശോജ്വലവും ആരോഗ്യകരവും സൗഹാര്‍ദപരവുമായ ഇലക്ഷന്‍ ഡിബേറ്റ് മൂന്നു മണിക്കൂറോളം നീണ്ടു നിന്നു. ഫെയ്‌സ്ബുക്ക് വഴിയും സൂമില്‍ക്കൂടിയും ഡിബേറ്റിന്റെ തത്സമയ സംപ്രേക്ഷണവും ഉണ്ടായിരുന്നു. സംവാദത്തിന് മികച്ച പ്രതികരണമാണ് ഹൂസ്റ്റണ്‍ നിവാസികളില്‍ നിന്നും മറ്റ് വിവിധ സ്ഥലങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയ വഴിയും പങ്കെടുത്ത പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

വിദ്യാർത്ഥി യുവജന രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ കൂടി പയറ്റിത്തെളിഞ്ഞ, അമേരിക്കയിലും പഴയ ആവേശം ഒട്ടും കൈ വിടാതെ രാഷ്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനമേഖലകളിൽ ശ്രദ്ധേയ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന   അക്കു കോശി (സി.പി.എം), ജീമോന്‍ റാന്നി (കോണ്‍ഗ്രസ്), ഹരി ശിവരാമന്‍ (ബി.ജെ.പി) എന്നിവരാണ് സംവാദത്തില്‍ കേരളത്തിലെ എൽഡിഎഫ്, യുഡിഎഫ്,എൻഡിഎ മുന്നണികളെ പ്രതിനിധീകരിച്ച് സംസാരിച്ചത്. മുന്നണി നേതാക്കള്‍ തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ വിശദീകരിക്കുകയും പൊതു ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. മോഡറേറ്റര്‍ ആയിരുന്ന ഡോ. രഞ്ജിത്ത് പിള്ള ചോദ്യങ്ങളും ചര്‍ച്ചകളും വേണ്ട രീതിയില്‍ മുന്നോട്ട് കൊണ്ടുപോയി. അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടലുകളും ചോദ്യങ്ങളും സംവാദത്തിന് മാറ്റ് കൂട്ടി.

കേരളത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള, റിയാലിറ്റി ഷോ താരം സൂര്യജിത്തിന്റെ ഗാനത്തോടു കൂടിയാണ് പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് മാഗ് സെക്രട്ടറി ജോജി ജോസഫ് സ്വാഗതം പറഞ്ഞു. മാഗ് പ്രസിഡന്റ് വിനോദ് വാസുദേവന്റെ അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം ഡിബേറ്റിന് തുടക്കം കുറിച്ചു. അകാലത്തില്‍ നിര്യാതയായ മാഗ് മെമ്പറും ഹൂസ്റ്റണിലെ സത്യാ ഗ്രോസറി ഉടമയുമായിരുന്ന ശ്രീമതി യമുനാ രമേശിന്റെ കുടുംബ സഹായ നിധിയായി മാഗ് സ്വരൂപിച്ച 43547 ഡോളറിന്റെ ചെക്ക് ചടങ്ങില്‍ വച്ച് യമുനാ രമേശിന്റെ മകന്‍ വൈഷ്ണവിന് (മനു) മാഗ്  പ്രസിഡന്റ് വിനോദ് വാസുദേവനും ട്രഷറർ മാത്യു കൂട്ടാലി ലും (വാവച്ചൻ) ചേർന്ന്‌  കൈമാറി.

പ്രോഗ്രാമിന്റെ സ്‌പോണ്‍സേഴ്‌സിനും ഡിബേറ്റില്‍ പങ്കെടുത്ത് വിജയിപ്പിച്ച എല്ലാ മാന്യ വ്യക്തികള്‍ക്കും മാഗ് പി.ആര്‍.ഒ ഡോ. ബിജു പിള്ള നന്ദി പറഞ്ഞു. ജോബിന്‍ പ്രിയന്‍ ഗ്രൂപ്പ്, നേര്‍ക്കാഴ്ച ന്യൂസ്, സി.സി ഫോണ്‍ ക്രിസ്റ്റല്‍ ക്ലിയര്‍, ടെക്‌സ് ടെക്ക് ഇന്റര്‍ നാഷണല്‍, ഫസ്റ്റ് സ്റ്റെപ്പ് മോര്‍ട്ട് ഗേജ്, ആര്‍.വി.എസ് ഇന്‍ഷുറന്‍സ് ഗ്രൂപ്പ് എന്നിവരായിരുന്നു പരിപാടിയുടെ സ്‌പോണ്‍സര്‍മാര്‍.

റെനി കവലയില്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആയിരുന്നു. മാഗിന്റെ മറ്റ് ബോര്‍ഡ് മെമ്പര്‍മാരായ രാജേഷ് വര്‍ഗ്ഗീസ്, സൂര്യജിത്ത്, എബ്രഹാം തോമസ്, റജി കോട്ടയം, റോയ് മാത്യു, ക്ലാരമ്മ മാത്യൂസ്, ഷിബി റോയ്, രമേശ് അത്തിയോടി, നേര്‍കാഴ്ച ചീഫ് എഡിറ്റര്‍ സൈമണ്‍ വാളാച്ചേരില്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോഷ്വാ ജോര്‍ജ് ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ മോന്‍സി കുര്യാക്കോസ്, മുന്‍ പ്രസിഡന്റ്മാരായ പൊന്നു പിള്ള, തോമസ് ഒലിയാംകുന്നേല്‍, സുരേന്ദ്രന്‍ പട്ടേല്‍, തോമസ് ചെറുകര തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

രാഷ്ട്രീയ കക്ഷികളോട് മാഗിന് നിഷ്പക്ഷ നിലപാട് ആണ് ഉള്ളതെന്നും, പ്രവാസികള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ, പല വിഷയങ്ങളും തങ്ങളുടെ രാഷ്ട്രീയ നേതൃത്വത്തോട് ചര്‍ച്ച ചെയ്യാന്‍ ലഭിച്ച അവസരമായിരുന്നു ഈ ഡിബേറ്റ് എന്നും മാഗ് ഭാരവാഹികള്‍ പറഞ്ഞു.

റിപ്പോർട്ട് : ജീമോൻ റാന്നി

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here