gnn24x7

അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്; വിജയകുതിപ്പുമായി ട്രംപ്

0
236
gnn24x7

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയത്തോട് കൂടുതൽ അടുത്ത് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. 247 ഇലക്ടറൽ കോളേജ് വോട്ടുകൾ ട്രംപ് ഇതിനകം നേടിക്കഴിഞ്ഞുവെന്ന് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 210 വോട്ടുകൾ മാത്രമാണ് ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസിന് നേടാൻ കഴിഞ്ഞത്. യു.എസിന്റെ പ്രസിഡന്റ് പദത്തിലെത്താൻ 270 വോട്ടുകളാണ് വേണ്ടത്. ട്രംപ് വിജയത്തിലേക്ക് അടുത്തതോടെ പാർട്ടിയുടെ ചുവന്ന കൊടിയുമായി അനുയായികൾ വിജയാഘോഷം തുടങ്ങിക്കഴിഞ്ഞു.

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 23 സംസ്ഥാനങ്ങൾ ട്രംപിനൊപ്പമാണെന്നും 11 സംസ്ഥാനങ്ങൾ മാത്രമേ കമലയ്ക്കൊപ്പമുള്ളൂവെന്നുമാണ് റിപ്പോർട്ടുകൾ. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നിർണായകമായി സ്വാധീനിക്കുന്ന സ്വിങ് സീറ്റുകളിലും (പെൻസിൽവാനിയ, അരിസോണ, ജോർജിയ, മിഷിഗൺ, നെവാദ, നോർത്ത് കരോലിന, വിസ്കോൻസിൻ) ട്രംപ് തന്നെയാണ് ലീഡ് ചെയ്യുന്നത്. അതേസമയം കമലാ ഹാരിസ് തന്റെ ഇലക്ഷൻ നൈറ്റ് പ്രസംഗം റദ്ദാക്കിയതായി റിപ്പോർട്ടുകളുണ്ട്. ട്രംപ് വിജയത്തോട് അടുക്കുന്ന പശ്ചാത്തലത്തിലാണ് ഇതെന്നാണ് സൂചന. വൈസ് പ്രസിഡൻ്റ് ഇന്ന് രാത്രി പ്രസംഗിക്കില്ലെന്നും നാളെ (വ്യാഴാഴ്ച) അവർ സംസാരിക്കുമെന്നും കമലയുടെ പ്രചാരണസംഘാംഗം സെഡ്രിക് റിച്മണ്ട് പറഞ്ഞു.

നെബ്രാസ്കയിൽനിന്ന് ഡെബ് ഫിഷർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ യു.എസ്. പാർലമെൻ്റിൻ്റെ സെനറ്റിലും റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നേടിക്കഴിഞ്ഞു. സെനറ്റിൽ ചുരുങ്ങിയത് 51 സീറ്റുകൾ ലഭിച്ചതോടെ സഭയുടെ നിയന്ത്രണം നാലുകൊല്ലത്തിനിടെ ഇതാദ്യമായി റിപ്പബ്ലിക്കൻ പാർട്ടിക്ക് ലഭിച്ചു. ഇതോടെ പ്രസിഡന്റിൻ്റെ കാബിനറ്റ്, സുപ്രീം കോടതി ജസ്റ്റിസുമാരുടെ നിയമനം തുടങ്ങിയ വിഷയങ്ങളിൽ പാർട്ടിക്ക് നിർണായക അധികാരവും കൈവന്നിരിക്കുകയാണ്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElgtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7