gnn24x7

മമ്മൂട്ടിക്ക് ഓസ്‌ട്രേലിയൻ പാർലമന്റിൽ ആദരം; മമ്മൂട്ടിയുടെ മുഖമുള്ള പേഴ്സണലൈസ്ഡ് സ്റ്റാമ്പുകൾ പ്രകാശനം ചെയ്തു

0
179
gnn24x7

കാൻബറ: നടന്‍ മമ്മൂട്ടിക്ക് ഓസ്‌ട്രേലിയൻ പാർലമന്റിൽ ആദരം. കാൻബറയിലെ ഓസ്‌ട്രേലിയൻ ദേശീയ പാർലമെന്റിലെ ‘പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’ ആയിരുന്നു സംഘാടകർ. ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിലിന്റെ സഹകരണത്തോടെ പുറത്തിറക്കിയ മമ്മൂട്ടിയുടെ മുഖമുള്ള 10,000 പേഴ്സണലൈസ്ഡ് സ്റ്റാമ്പുകളുടെ പ്രകാശനം നടന്നു. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ പ്രതിനിധിയും പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ ചെയർമാനുമായ ഡോ. ആൻഡ്രൂ ചാൾട്ടൻ എംപി ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ഹൈകമ്മീഷണർ മൻപ്രീത് വോറക്ക് കൈമാറി പ്രകാശനം നിർവഹിച്ചു. ചടങ്ങിന് ആശംസകൾ അറിയിച്ചുള്ള പ്രധാനമന്ത്രിയുടെ സന്ദേശം ആൻഡ്രൂ ചാൾട്ടൻ വായിച്ചു.

ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള വ്യാപാര, വാണിജ്യ, സാംസ്‌കാരിക സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിന് ഓസ്‌ട്രേലിയൻ ദേശീയ പാർലമെന്റിലെ എംപിമാരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട സമിതിയാണ് പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ. ഇന്ത്യൻ സാംസ്‌കാരികതയുടെ മുഖമായി തങ്ങൾ മമ്മൂട്ടിയെ കാണുന്നുവെന്ന് ഡോ. ആൻഡ്രൂ ചാൾട്ടൻ എംപി പറഞ്ഞു. മമ്മൂട്ടിയെ ആദരിക്കുക വഴി ഇന്ത്യയുടെ മഹത്തായ സാംസ്‌കാരികതയെയാണ് ആദരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ വളർന്നുവന്ന സമൂഹത്തിനു വേണ്ടി മമ്മൂട്ടി ചെയ്യുന്ന കാര്യങ്ങൾ ഓരോ ഇന്ത്യൻ സെലിബ്രിറ്റികളും മാതൃകയാക്കണമെന്ന് ഓസ്ട്രേലിയയിലെ ഇന്ത്യൻ ഹൈകമ്മീഷണർ മൻപ്രീത് വോറ അഭിപ്രായപ്പെട്ടു.

ഓസ്‌ട്രേലിയൻ തപാൽ വകുപ്പിന്റെ പേഴ്സണലൈസ്ഡ് വിഭാഗത്തിലൂടെ പുറത്തിറക്കുന്ന സ്റ്റാമ്പുകൾ ഇന്ന് മുതൽ വിപണിയിലെത്തും. ഓസ്‌ട്രേലിയയിൽ തപാലിലൂടെ ലഭ്യമാകുന്ന കേരള ന്യൂസ്‌ പോലെയുള്ള പത്രങ്ങളും മെട്രോ മലയാളം ഉൾപ്പെടെയുള്ള ന്യൂസ്‌ ലെറ്ററുകളും അടുത്ത മാസങ്ങളിൽ മമ്മൂട്ടിയുടെ മുഖമുള്ള സ്റ്റാമ്പുകളുമായാകും വീടുകളിൽ എത്തുക. ഓസ്‌ട്രേലിയയിലെ നിരവധി എംപിമാർ, സെനറ്റ് അംഗങ്ങൾ, ഹൈക്കമ്മീഷണർ ഓഫീസ് ഉദ്യോഗസ്ഥർ, ആസ്‌ട്രേലിയയിലെ വിവിധ ഇന്ത്യൻ സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികൾ തുടങ്ങി നൂറ്റിഅൻപതോളം പേർ ചടങ്ങിൽ പങ്കെടുത്തു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7