gnn24x7

നോട്ട് നിരോധിച്ചതറിയാതെ മകളുടെ വിവാഹത്തിനായി പണം സ്വരുകൂട്ടി ഒരമ്മ

0
225
gnn24x7

ചെന്നൈ: 2016 നവംബര്‍ 8നാണ് ഇന്ത്യയില്‍ നോട്ട് നിരോധനം ഏര്‍പ്പെടുത്തിയത്. അതായത്, ഇപ്പോള്‍ ഏകദേശം മൂന്നര വര്‍ഷം കഴിഞ്ഞിരിക്കുന്നു. 

എന്നാല്‍, നോട്ട് നിരോധിച്ചതറിയാതെ മകളുടെ വിവാഹത്തിനായി പണം സ്വരുകൂട്ടുകയാണ് ഒരമ്മ. തമിഴ്നാട് നാഗപട്ടണം സീര്‍കാഴിക്കടുത്ത് മാതിരവേലൂര്‍ പട്ടിയമേട്‌ ഗ്രാമത്തിലെ ബധിരയും മൂകയുമായ ഉഷ എന്ന സ്ത്രീയാണ് മകളുടെ വിവാഹത്തിനായി പണം കൂട്ടിവച്ചത്. 

35,000 രൂപയാണ് ഇവര്‍ 17കാരിയായ മകള്‍ക്ക് വേണ്ടി ഇവര്‍ കൂട്ടിവച്ചിരുന്നത്. ദമ്പതിമാരുടെ മകള്‍ വിമലയും ഭിന്നശേഷിക്കാരിയാണ്. മകളുടെ വിവാഹം ആഘോഷമാക്കാന്‍ വര്‍ഷങ്ങളായി കരുതിവച്ചിരുന്ന പണമിപ്പോള്‍ മൂല്യമില്ലാത്തതാണ് എന്ന് തിരിച്ചറിഞ്ഞ് നെഞ്ചുരുകി ഇരിക്കുകയാണ് ഈ മാതാവ്. 

മകളുടെ വിവാഹത്തിനായി കരുതിയിരുന്ന പണമായതിനാല്‍ ഭര്‍ത്താവ് രാജദുരൈ അറിയാതെയാണ് ഉഷ പണം സ്വരുകൂട്ടിയിരുന്നത്. തൊഴിലുറപ്പ് പണിയ്ക്ക് പോയി കിട്ടുന്ന പ്രതിഫലം മിച്ചംപിടിച്ച് വീടിനു പിന്നിലെ പറമ്പില്‍ കുഴിചിട്ടരിക്കുകയായിരുന്നു. 

ഈയിടെ വീടിന്റെ അറ്റകുറ്റപണികള്‍ നടത്താന്‍ സര്‍ക്കാര്‍ തുക അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് വീടിന്റെ പണികള്‍ നടക്കുന്നതിനിടെയാണ് കുഴിച്ചിട്ട പണം ലഭിച്ചത്. അന്വേഷിച്ചപ്പോള്‍ ഇത് താനാണ് കുഴിച്ചിട്ടത് എന്ന് ഉഷ പറഞ്ഞു.

മകളുടെ വിവാഹത്തിനായാണ് ഈ പണം സൂക്ഷിച്ചിരുന്നതെന്നും നോട്ടുകള്‍ നിരോധിച്ച വിവരം അറിഞ്ഞില്ലെന്നും അവര്‍ ഭര്‍ത്താവിനോട് ആംഗ്യഭാഷയില്‍ പറഞ്ഞു.  മകള്‍ക്കായി ആകെയുണ്ടായിരുന്ന സമ്പാദ്യം മൂല്യമില്ലാത്തതാണെന്ന് തിരിച്ചറിഞ്ഞ ഉഷ തകര്‍ന്നുപോയി.

എന്നാല്‍, എല്ലാവിധ പിന്തുണയുമായി നാട്ടുകാര്‍ ഇവര്‍ക്കൊപ്പമുണ്ട്. കുടുംബത്തിന്‍റെയും ഉഷയുടെയും പ്രശ്നങ്ങള്‍ പരിഗണിച്ച് ഈ നോട്ടുകള്‍ മാറിയെടുക്കാന്‍ ആവശ്യമായ സഹായം സര്‍ക്കാര്‍ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here