gnn24x7

ഫ്രഞ്ച് ആൽപ്സിലെ മോണ്ട് ബ്ലാങ്ക് പർവ്വതനിരയിലെ മഞ്ഞുപാളികൾ ഉരുകിയപ്പോൾ കൂടുതൽ രഹസ്യങ്ങൾ പുറത്തുവരുന്നു

0
191
gnn24x7

പാരീസ്: ഫ്രഞ്ച് ആൽപ്സിലെ മോണ്ട് ബ്ലാങ്ക് പർവ്വതനിരയിലെ മഞ്ഞുപാളികൾ ഉരുകിയപ്പോൾ കൂടുതൽ രഹസ്യങ്ങൾ പുറത്തുവരുന്നു. 1966-ലെ പഴയ ഇന്ത്യൻ പത്രങ്ങളാണ് പർവ്വതനിരയിൽനിന്നും കണ്ടെത്തിയിരിക്കുന്നത്. ‘ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയാകും’ എന്ന തലക്കെട്ടിലുള്ള പ്രധാന വാർത്തകളോട് കൂടിയ പത്രങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

നാഷ്ണൽ ഹെറാൾഡ്, ദി ഇക്കണോമിക്സ് ടൈംസ് എന്നീ പത്രങ്ങളാണ് ഇവിടെ നിന്ന് ലഭിച്ചത്. 1966 ജനുവരി 24-ന് ഈ പർവ്വതനിരയിക്ക് സമീപം അപകടത്തില്‍പ്പെട്ട എയർ ഇന്ത്യ ബോയിങ് 707 എന്ന വിമാനത്തിലുണ്ടായിരുന്ന പത്രങ്ങളാണിതെന്നാണ് സൂചന. 177 പേരാണ് അപകടത്തിൽ മരിച്ചത്.

ചമോണിക്സ് സ്കിയിങ് ഹബ്ബിന് സമീപം കഫേ നടത്തുന്ന ടിമോത്തീ മോട്ടിൻ എന്നയാളാണ് പഴയ ഇന്ത്യൻ പത്രങ്ങളുടെ നിരവധി കോപ്പികൾ ഇവിടെ നിന്നു കണ്ടെത്തിയത്. കഴിഞ്ഞയാഴ്ചയായിരുന്നു മോട്ടിൻ പത്രങ്ങൾ കണ്ടെത്തിയത്. പത്രങ്ങൾ ഉണക്കുകയാണെന്നും അവ നല്ല അവസ്ഥയിലാണെന്നും മോട്ടിൻ വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു.

പത്രങ്ങൾ കണ്ടെത്താനായതിൽ ഭാഗ്യവാനാണെന്നാണ് മോട്ടിൻ പറയുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന അപകടത്തിന്റെ അവശേഷിപ്പുകളെല്ലാം ഒളിപ്പിച്ചുവെച്ച് വിൽക്കുന്നതിനെക്കാൾ സന്ദർശകർക്കായി പ്രദർശിപ്പിക്കാനാണ് തനിക്ക് താൽപര്യമെന്നും മോട്ടിൻ പറയുന്നു.

2017ൽ ഇവിടെ നിന്ന് മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇത് അപകടത്തിൽപ്പെട്ട എയർ ഇന്ത്യ ബോയിംഗ് വിമാനത്തിൽ നിന്നുള്ളതോ, അതല്ലെങ്കിൽ 1950ൽ ഇതേസ്ഥലത്ത് അപകടത്തിൽപ്പെട്ട മലബാർ പ്രിൻസസ് എന്ന വിമാനത്തിലേതോ ആണെന്നാണ് സംശയം.

2013ലാണ് ഏറ്റവും അമൂല്യമായ കണ്ടെത്തൽ ഉണ്ടായത്. 130,000 മുതൽ 246,000 യൂറോ വരെ വിലയുള്ള മരതകം, നീലക്കല്ലുകൾ, മാണിക്യങ്ങൾ -എന്നിവ അടങ്ങിയ ബോക്സായിരുന്നു ഇത്. 1966 ലെ വിമാനാപകടത്തിൽ നഷ്ടമായതാണ് ഇതെന്നാണ് സൂചന.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here