മുട്ടയിടാൻ വ്യത്യസ്തമായ സ്ഥലമാണ് കണ്ണൂർ ജില്ലയിൽ ഒരു പെരുമ്പാമ്പ് കണ്ടെത്തിയത്. ജില്ലയിലെ ഹോട്ട്സ്പോട്ട് ആയ പയ്യന്നൂരിൽ അടച്ചിട്ട ജ്വല്ലറിയിൽ കയറിപ്പറ്റിയാണ് പാമ്പ് 20 മുട്ടകളിട്ടത്.
ലോക്ക് ഡൗൺ പ്രഖ്യാപിച്ച ദിവസം പൂട്ടിയ ജ്വല്ലറി വളരെ യാദൃശ്ചികമായാണ് കഴിഞ്ഞ ദിവസം ഉടമ തുറന്നു നോക്കിയത്.
മുറിയുടെ ഒരു കോണിൽ വലിയൊരുപെരുമ്പാമ്പ്. തൻറെ മുട്ടകൾക്ക് അടയിരിക്കുകയാണ് പാമ്പ്.
കടയുടമ സജിത്ത് പെട്ടെന്നുതന്നെ വനം വകുപ്പിനെ വിവരം അറിയിച്ചു. വൈൽഡ് ലൈഫ് റെസ്ക്യൂവർ പവിത്രൻ അന്നൂക്കാരൻ എത്തി പാമ്പിനെ പിടികൂടി.
മുട്ടകൾക്കൊപ്പം 24 കിലോ ഭാരവും മൂന്ന് മീറ്റർ നീളവുമുള്ള പാമ്പിനെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
രണ്ടാഴ്ച മുൻപാണ് പാമ്പ് മുട്ടകളിട്ടത് എന്നാണ് നിഗമനം. സാധാരണ ഗതിയിൽ മുട്ടകൾ വിരിയാൻ രണ്ടു മാസമെടുക്കും. അതുവരെ പാമ്പും മുട്ടകളും വനം വകുപ്പിന്റെ പ്രത്യേക പരിചരണയിലായിരിക്കും.
കാക്കക്ക് മാത്രമല്ല പെരുമ്പാമ്പിനും തൻകുഞ്ഞ് പൊൻകുഞ്ഞാണ് . അതുകൊണ്ടാണ് മുട്ടയിടാൻ ജ്വല്ലറി തിരഞ്ഞെടുത്തത് എന്ന് നാട്ടുകാർ തമാശ പറയുന്നു.