gnn24x7

വിരുന്നിനെത്തിയത് ക്ഷണം സ്വീകരിച്ച്; എന്‍സിബി പരിശോധിച്ചിട്ട് ഒന്നും കിട്ടിയില്ലെന്ന് ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍

0
413
gnn24x7

മുംബൈ: പ്രതിക് ഗാബ എന്ന സുഹൃത്തിന്റെ ക്ഷണപ്രകാരമാണ് ആഡംബരക്കപ്പലിലെ വിരുന്നില്‍ പങ്കെടുക്കാന്‍ പോയതെന്ന് ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ കോടതിയില്‍. ബോളിവുഡില്‍നിന്നുള്ള ആളായതുകൊണ്ട് പാര്‍ട്ടിയുടെ ഗ്ലാമര്‍ കൂട്ടാന്‍ വേണ്ടി ക്ഷണിച്ചതാകാമെന്നും ആര്യന്‍ മൊബൈല്‍ ചാറ്റിന്റെ പേരിലാണ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും അഭിഭാഷകന്‍ മുഖേന ആര്യന്‍ അറിയിച്ചു. റെയ്ഡിനിടെ ആര്യനില്‍നിന്ന് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തിട്ടില്ലെന്ന് എന്‍സിബിയും കോടതിയെ അറിയിച്ചിട്ടുണ്ട്.

“പ്രതികും ഞാനും തമ്മില്‍ പല തവണ ചാറ്റ് ചെയ്തിട്ടുണ്ട്. അതൊന്നും ലഹരിവിരുന്നിനെക്കുറിച്ച് ആയിരുന്നില്ല. ആഡംബരക്കപ്പലിലെ പാര്‍ട്ടിയെക്കുറിച്ചു പറയുമ്പോള്‍ ലഹരിഉപയോഗത്തെക്കുറിച്ചു പരാമര്‍ശിച്ചിട്ടേയില്ല. പ്രതിക് അര്‍ബാസിന്റെയും സുഹൃത്താണ്. അര്‍ബാസിനെ പാര്‍ട്ടിയിലേക്കു ക്ഷണിച്ചതുമായി എനിക്കു യാതൊരു ബന്ധവുമില്ല. അര്‍ബാസും ഞാനും സുഹൃത്തുക്കളാണെങ്കിലും ഒരുമിച്ചല്ല പാര്‍ട്ടിയില്‍ പങ്കെടുത്തത്. ഗേറ്റിലെത്തിയപ്പോള്‍ അര്‍ബാസിനെ കണ്ട് സംസാരിച്ചിരുന്നു. അവിടെവച്ച് എന്‍സിബി ഉദ്യോഗസ്ഥരെയും കണ്ടു. ലഹരിമരുന്നു കൈയിലുണ്ടോ എന്ന് അവര്‍ ചോദിച്ചു. ഇല്ലെന്നു മറുപടി നല്‍കി. തുടര്‍ന്ന് അവര്‍ ബാഗിലും മറ്റും പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. പിന്നീട് അവര്‍ അര്‍ബാസിനെ പരിശോധിച്ചു. അതിനു ശേഷം എന്നോട് എന്‍സിബി ഓഫിസിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. അര്‍ബാസുമായുള്ള സൗഹൃദം നിഷേധിക്കുന്നില്ല. ഒറ്റയ്ക്കാണു വന്നതെന്ന് അര്‍ബാസ് പറഞ്ഞിട്ടുമുണ്ട്. അവന്‍ വരുന്നുണ്ടെന്നു പോലും എനിക്കറിയില്ലായിരുന്നു” എന്ന് ആര്യൻ കോടതിയിയെ അറിയിച്ചു.

അചിത് എന്നയാളെയും ആര്യൻ ഖാനെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് എന്‍സിബി ശ്രമിക്കുന്നത്. അവര്‍ക്കത് ഇന്നലയെ ആകാമായിരുന്നു. അചിതുമായുള്ള ചാറ്റ് ക്രിക്കറ്റിനെക്കുറിച്ചും ഫുട്‌ബോളിനെക്കുറിച്ചും ആയിരുന്നു. ആര്യന്റെ ഫോണും ചാറ്റും എല്ലാം അവരുടെ കൈയിലുണ്ട്. കഴിഞ്ഞ രണ്ടു രാത്രിയും ആര്യനെ ചോദ്യം ചെയ്തിട്ടില്ല. പ്രധാന പ്രതിയെ കണ്ടെത്താനാണ് എന്‍സിബി ശ്രമിക്കുന്നത്. പക്ഷെ അതുവരെ ആര്യനെ കസ്റ്റഡിയില്‍ വയ്ക്കാനാവില്ല. അര്‍ബാസില്‍നിന്നു പിടിച്ച ആറ് ഗ്രാം ചരസില്‍നിന്ന് മുന്നോട്ടുപോകാന്‍ എന്‍സിബിക്കു കഴിഞ്ഞിട്ടില്ല എന്നീ കാര്യങ്ങൾ ആര്യനു വേണ്ടി അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.

എന്നാല്‍ ആര്യന്റെ ഫോണിലെ ചാറ്റുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന നിലപാടാണ് എന്‍സിബി സ്വീകരിച്ചത്. ഇത് അംഗീകാരിക്കാതിരുന്ന കോടതി കസ്റ്റഡി നീട്ടാനാവില്ലെന്നും അറിയിക്കുകയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here