gnn24x7

ദിലീപ് അടക്കമുള്ള പ്രതികള്‍ മൂന്ന് ദിവസം ക്രൈംബ്രാഞ്ചിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി

0
357
gnn24x7

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ മൂന്ന് ദിവസം ക്രൈംബ്രാഞ്ചിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി. ചോദ്യം ചെയ്യിലിന് ശേഷം വിവരങ്ങള്‍ കോടതിയെ അറിയിക്കണം. രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് വരെയാണ് ചോദ്യം ചെയ്യലിന് അനുമതിയുള്ളത്.

ഏത് അന്വേഷണത്തിനും തയാറാകാമെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും ചോദ്യം ചെയ്യലിനായി എത്ര ദിവസം വേണമെങ്കിലും ഹാജരാകാന്‍ തയാറാണെന്നും ദിലീപ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ദിലീപിനു പുറമേ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്ത് ആലുവ സ്വദേശി ശരത് എന്നിവരാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിരുന്നത്. ഇവരും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം. ദിലീപിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ട് വിശദമായ എതിര്‍ സത്യവാങ്മൂലമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് നടത്തിയ ഗൂഡാലോചന തുടങ്ങി മറ്റ് ഇടപെടലുകള്‍ വ്യക്തമാക്കുന്ന രേഖകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകട്ടേയെന്നും എന്നിട്ട് ജാമ്യ ഹര്‍ജി പരിഗണിച്ചാല്‍ പോരെയെന്നും കോടതി ചോദിച്ചു. എന്നാല്‍ പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തെങ്കിലും ചോദ്യം ചെയ്യലിന് ശേഷം ഹര്‍ജി പരിഗണിക്കാമെന്ന തീരുമാനത്തിലേക്ക് കോടതി എത്തുകയായിരുന്നു.

നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെതിരേ പുതിയ വകുപ്പ് കൂടി ക്രൈംബ്രാഞ്ച് ചേര്‍ത്തിട്ടുണ്ട്. മുന്‍പ് ചുമത്തിയ വകുപ്പുകളില്‍ മാറ്റംവരുത്തി കൊലപാതകം നടത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള ഗൂഢാലോചന നടത്തിയെന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. വ്യാഴാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here