gnn24x7

A+ വാങ്ങിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും 1250 രൂപ വീതം 7 വര്‍ഷം കേരള സര്‍ക്കാര്‍ നല്‍കുന്നു

0
472
gnn24x7

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഡി.സി.ഇ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കോളീജിയേറ്റ് എജ്യുക്കേഷന്‍, കേരള) പ്രകാരം നിരവധി സ്‌കോളര്‍ഷിപ്പുകള്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കി വരുന്നുണ്ട്. മിക്കവര്‍ക്കും കേരള സര്‍ക്കാര്‍ രൂപീകരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇത്തരം ആനുകൂല്യങ്ങളെക്കുറിച്ച് അറിയാതെ പോവുന്നു. www.dcescholarship.kerala.gov.in എന്ന കേരള സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ ചെന്നു കയറിയാല്‍ നിരവധി തരത്തിലുള്ള സ്‌കോളര്‍ഷിപ്പുകള്‍ ഉണ്ട്. ഇതുപ്രകാരം പത്താംതരം ഫുള്‍ എ. പ്ലസ് മാര്‍ക്കോടുകൂടി പാസായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വര്‍ഷം 1250 രൂപ വീതം ഏഴു വര്‍ഷക്കാലത്തേക്ക് കേരള സര്‍ക്കാര്‍ നല്‍കുന്നു. ഇടതു സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളില്‍ ഒന്നായി പറയുന്ന ഇതിനെക്കുറിച്ച് പലര്‍ക്കും അറിയില്ലെന്ന് മാത്രം.

2020 മാര്‍ച്ചില്‍ സംസ്ഥാന സിലബസില്‍ SSLC പഠിച്ച് എല്ലാ വിഷയത്തിനും A+ ഗ്രേഡ് നേടി വിജയിച്ച് ഹയര്‍ സെക്കന്‍ഡറി/ഐ.ടി.ഐ/VHSE/പോളിടെക്നിക് കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ യോഗ്യത ഉണ്ട്. അപേക്ഷ സമര്‍പ്പിക്കേണ്ടത് ഓണ്‍ലൈനായിട്ടാണ്. ജില്ലാ മെറിറ്റ് സ്‌കോളര്‍ഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് റിന്യൂവല്‍ ചെയ്യാനുള്ള ലിങ്കും ഇപ്പോള്‍ ലഭ്യമാണ്. തുടര്‍ പഠനത്തില്‍ 50% മാര്‍ക്ക് നേടുന്നവര്‍ക്ക് പഠനം തുടരുന്ന 7 വര്‍ഷത്തേക്ക് പ്രതിവര്‍ഷം 1250 രൂപ വീതം സ്‌കോളര്‍ഷിപ്പ് ലഭിക്കും.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച ശേഷം ഇതിന്റെ പ്രിന്റ് അനുബന്ധ രേഖകള്‍ സഹിതം ഇപ്പോള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ നല്‍കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 ഡിസംബര്‍ 1. അപേക്ഷിക്കാന്‍ അര്‍ഹത നേടിയ കുട്ടികളുടെ വിവരം(സെലെക്ഷന്‍ ലിസ്റ്റ്) , അപേക്ഷ നല്‍കേണ്ട വിധം, സമര്‍പ്പിക്കേണ്ട രേഖകള്‍, അപേക്ഷ നല്‍കാനുള്ള ലിങ്ക് എന്നിവ കൃത്യമായി സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

http://www.dcescholarship.kerala.gov.in/dce/selection_list_dms/selection_list.php

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here