gnn24x7

കാർഷികഅറിവുകൾ; കൂവ

0
720
gnn24x7

കേരളത്തിൽ കൃഷിചെയ്യപ്പെടുന്ന കിഴങ്ങ് വർഗത്തിൽ‌പ്പെട്ട ഒരു സസ്യമാണ് കൂവ. ഇംഗ്ലീഷ്:Arrowroot ശാസ്ത്രീയനാമം:Maranta arundinacea. കൂവയുടെ കിഴങ്ങ് ഒരു വിശേഷപ്പെട്ട ഭക്ഷണമാണ്.
പുരാതനകാലത്ത് കരീബ്യൻ ദീപുകളിലെ നിവാസികൾ കൂവയ്ക്ക് ആഹാരത്തിൽ ആഹാരം എന്നർത്ഥം വരുന്ന അരു-അരു എന്നാണ് പേരിട്ടിരുന്നത്. പണ്ടുകാലം മുതൽ അമ്പേറ്റ മുറിവുണങ്ങാനും മുറിവിലൂടെയുള്ള വിഷബാധതടയാനും കൂവക്കിഴങ്ങിന്റെ നീര് അരച്ച് പുരട്ടിയിരുന്നു. ഈ കാരണങ്ങൾകൊണ്ടാവാം കൂവയ്ക്ക് ആരോറൂട്ട് എന്ന് ഇംഗ്ലീഷിൽ പേര് ലഭിച്ചത്.

അമ്പ് വിട്ടതുമ്പോലെ മണ്ണിൽ നീണ്ടുനീണ്ട് വളരുന്നതാണ് ഇതിന്റെ കിഴങ്ങ്. കൂവക്കിഴങ്ങിന്റെ നീരിൽനിന്നുല്പാദിപ്പിക്കുന്ന കൂവപ്പൊടിയാണ് കൂവക്കൃഷിയുടെ പ്രധാന ലക്ഷ്യം. കൂവപ്പൊടി പ്രധാനമായും ഉപയോഗിക്കുന്നത് ആരോറൂട്ട് (Arrowroot) ബിസ്ക്കറ്റുണ്ടാക്കുന്നതിനു വേണ്ടിയാണ്. മറ്റ് ആരോഗ്യ സംരക്ഷണ പാനീയപ്പൊടീകളീലും (Health Drinks) കൂവപ്പൊടി ചേർക്കാറുണ്ട്. കൂവക്കിഴങ്ങ് പുഴുങ്ങിയത് വിളവെടുപ്പുകാലത്തെ ഒരു പ്രധാന പ്രഭാത ഭക്ഷണമാണ്.

കൂവപ്പൊടി വെള്ളമോ പാലോ ചേർത്ത് തിളപ്പിച്ച് കുറുക്കി കഴിക്കുന്നത് അതിസാരത്തിനുള്ള ഉത്തമ ചികിൽസയാണ്. കൂവപ്പൊടി കൂവനീർ എന്നും അറിയപ്പെടുന്നു.

വിവിധയിനങ്ങൾ

കൂവയുടെ ഉത്ഭവസ്ഥലം അമേരിക്കയാണ്. ഇതിന്റെ കൃഷി ഉഷ്ണമേഘലാ രാജ്യങ്ങളിൽ വ്യാപിച്ച് കിടക്കുന്നു. വെസ്റ്റ്ഇന്റീസിലെ സെന്റ് വിൻസെന്റ് ദ്വീപുകളിലാണ് വളരെ വിപുലമായി കൂവ കൃഷിചെയ്ത് വരുന്നത്. വെസ്റ്റ് ഇന്റീസ് ആരോറൂട്ട് അഥവാ വെള്ളകൂവ എന്നറിയപ്പെടുന്ന ഇവയുടെ ശാസ്ത്രനാമം മരാന്താ അരുണ്ടിനേസി എന്നാണ്.

കാലാവസ്ഥയും മണ്ണും

നല്ല ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിലാണ് കൂവ നന്നായി വളരുന്നത്. കേരളത്തിലെ കാലാവസ്ഥയും മണ്ണും കൂവകൃഷിക്ക് അനുയോജ്യമാണ്. അന്തരീക്ഷത്തിലെ ചൂട് 20-30 ഡിഗ്രിസെൽഷ്യസ്, വർഷം തോറും 1500-2000 മില്ലിമീറ്റര് മഴ, എന്നിവ കൂവകൃഷിക്ക് ഉത്തമമാണ്. നല്ല താഴ്ചയുള്ള, വളക്കൂറുള്ള, നീർവാർച്ചയുള്ള മണൽ കലർന്ന പശിമരാശി മണ്ണിൽ കൂവ നന്നായി തഴച്ചു വളരുന്നു. തണൽ പ്രദേശങ്ങളിലും വളരുന്നതിനാൽ വീട്ടുവളപ്പിലെ മാവിന്റേയും പ്ലാവിന്റേയും ചുവട്ടിലും തെങ്ങിനും വാഴയ്ക്കിടയിലും കൂവ കൃഷി ചെയ്യാം.

കൃഷി രീതി

കൂവയുടെ നടീൽവസ്തു അതിന്റെ കിഴങ്ങുതന്നെയാണ്‌. രോഗബാധയില്ലാത്തതും ആരോഗ്യത്തോടെ വളരുന്നതുമായ ചെടികളിൽ നിന്നുമാണ്‌ വിത്തിനായുള്ള കിഴങ്ങുകൾ ശേഖരിക്കുന്നത്. മുളയ്ക്കുന്നതിനുശേഷിയുള്ള ഓരോ മുകുളം, ഓരോ കഷണം നടീൽവസ്തുവിലും ഉണ്ടായിരിക്കണം. നന്നായി കിളച്ചൊരുക്കിയ സ്ഥലത്ത് 5 X 30 സെന്റീമീറ്റർ അകലത്തിൽ ചെറുകുഴികൾ എടുത്ത് മുകുളം മുകളിലാക്കി നടുക. ഈ മുകുളം മൂടത്തക്കവിധം ചാണകപ്പൊടി ഇട്ട് അതിനുമുകളിലായി കരിയിലകൾ കൊണ്ടോ വൈക്കോൽ കൊണ്ടോ കൊണ്ട് പുതയിടണം. കളകൾ ആകെ കൃഷിസമയത്തിൽ രണ്ടോ മൂന്നോ തവണ നടത്തേണ്ടതാണ്‌. കളകൾ നീക്കം ചെയ്യുന്നതോടൊപ്പം മണ്ണ് തടത്തിലേയ്ക്ക് അടുപ്പിക്കുകയും പുതയിടുകയും വേണം. രാസവള മിശ്രിതമായ എൻ.പി.കെ. യഥാക്രമം 50:25:75 കിലോഗ്രാം / ഹെക്ടർ എന്നതോതിൽ നൽകേണ്ടതാണ്‌.

വിളവെടുപ്പ്

കൂവ നട്ട് ഏകദേശം ഏഴുമാസം ആകുമ്പോഴേയ്ക്കും വിളവെടുക്കാൻ പാകത്തിലാകും. ഇലകൾ കരിഞ്ഞ് അമരുന്നതാണ്‌ വിളവ് പാകമായതിന്റെ ലക്ഷണം. കിഴങ്ങുകൾ മുറിയാതെ താഴ്ത്തി കിളച്ചെടുക്കുക. വേരുകളും തണ്ടും നീക്കി വൃത്തിയാക്കിയതിനുശേഷം ഉണക്കി സൂക്ഷിക്കാം. ഒരു ഹെക്ടറിൽ നിന്നും 47 ടൺ വിളവുവരെ ലഭിക്കാം. ഇതിൽ നിന്നും ഉത്പാദിപ്പിക്കാവുന്ന കൂവപ്പൊടിയുടെ അളവ് 7 ടൺ മാത്രവുമായിരിക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here