കിഴക്കന്‍ ലണ്ടനിലെ സിറ്റി ഗ്രൂപ്പിന്റെ ആസ്ഥാനത്തെ സ്റ്റാഫ് കാന്റീനില്‍ നിന്ന് സാന്‍ഡ്‌വിച്ച് മോഷ്ടിച്ച കുറ്റത്തിന് സെക്യൂരിറ്റീസ്, ട്രേഡിംഗ്, റിസ്‌ക് മാനേജ്‌മെന്റ് പ്രാവീണ്യമുള്ള ബോണ്ട് ട്രേഡിംഗ് മേധാവി പരസ് ഷായ്ക്ക് സ്‌പെന്‍ഷന്‍. സിറ്റി ഗ്രൂപ്പിന്റെ യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള ഉയര്‍ന്ന വരുമാനമുള്ള ബോണ്ട് ട്രേഡിംഗ് ചുമതലക്കാരനാണ് 31 കാരനായ ഷായെന്ന് ഡെയ് ലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
1.32 മില്യണ്‍ ഡോളര്‍ (ഏകദേശം ഒമ്പതര കോടിയോളം രൂപ) വാര്‍ഷിക ശമ്പളം വാങ്ങുന്ന പരാസ് ഷായ്‌ക്കെതിരെ ഭക്ഷണ മോഷണം സംബന്ധിച്ച് നിരവധി ആരോപണങ്ങളുണ്ടായിരുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് വെളിപ്പെടുത്തി. സിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വന്‍ തുക വാര്‍ഷിക ബോണസ് ലഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഷാ സസ്‌പെന്‍ഷന്‍ വാങ്ങിയത്.
ബാത്ത് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം എച്ച്എസ്ബിസിയുടെ സ്റ്റെര്‍ലിംഗ് ക്രെഡിറ്റ് ട്രേഡിംഗിലാണ് താന്‍ ജോലിയാരംഭിച്ചതെന്ന് ലിങ്ക്ഡിന്‍ പ്രൊഫൈലിലെ പരസ് ഷായുടെ പ്രൊഫൈല്‍ പറയുന്നു. എച്ച്എസ്ബിസിയില്‍ ഏഴ് വര്‍ഷം സേവനമനുഷ്ഠിച്ച ശേഷം സിറ്റിയിലേക്ക് പോന്നു. സിറ്റിയില്‍ രണ്ട് മാസത്തിനുള്ളിലാണ് ഷായെ സ്ഥാനക്കയറ്റം നല്‍കി യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലകളിലെ ഉയര്‍ന്ന വരുമാനമുള്ള ക്രെഡിറ്റ് ട്രേഡിംഗിന്റെ തലവനാക്കിയത്.
ചില്ലറ മോഷണത്തിലൂടെ കുരുക്കിലായ ആദ്യത്തെ ബാങ്കര്‍ അല്ല പരസ് ഷാ എന്ന് ഡെയ്ലി മെയില്‍ പറയുന്നു. 2016 ല്‍ ജപ്പാന്‍ ആസ്ഥാനമായുള്ള മിസുഹോ ബാങ്ക് ലണ്ടനില്‍ തങ്ങളുടെ ഒരു ഉന്നതോദ്യാഗസ്ഥനെ പുറത്താക്കിയിരുന്നു. സഹപ്രവര്‍ത്തകന്റെ സൈക്കിളില്‍ നിന്ന് 5 പൗണ്ട് വിലമതിക്കുന്ന ഒരു ഭാഗം അഴിച്ചെടുത്തു വീട്ടില്‍ കൊണ്ടുപോയതായിരുന്നു കുറ്റം.