gnn24x7

മഴ കനത്തതോടെ ആശങ്കയിലായി സിനിമാപ്രവര്‍ത്തകര്‍; സെറ്റ് മഴയില്‍ നശിക്കുന്നു; ആശങ്ക പങ്കുവെച്ച് സംവിധായകന്‍

0
232
gnn24x7

ചെന്നൈ: മഴ കനത്തതോടെ ആശങ്കയിലായിരിക്കുന്നത് സിനിമാപ്രവര്‍ത്തകര്‍ കൂടിയാണ്. സിനിമകള്‍ക്ക് ഇന്‍ഡോര്‍ ഷൂട്ടിംഗുകള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും ഔട്ട് ഡോര്‍ ചിത്രീകരണങ്ങള്‍ക്ക് അനുമതിയില്ല.

ഇതോടെ പല ചിത്രങ്ങളുടെയും ചിത്രീകരണത്തിനായി നിര്‍മിച്ച സെറ്റുകള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. സ്റ്റേഷന്‍ 5, സബാഷ് ചന്ദ്രബോസ് എന്നീ ചിത്രങ്ങളടക്കമുള്ളവയുടെ സെറ്റുകളാണ് മഴയത്ത് നശിക്കുന്നത്.

ഇപ്പോഴിതാ സെറ്റ് നശിക്കുന്നതിലെ ആശങ്ക പങ്കുവെയ്ക്കുകയാണ് സ്റ്റേഷന്‍- 5 എന്ന ചിത്രത്തിന്റെ സംവിധായകന്‍ പ്രശാന്ത് കാനത്തൂര്‍.അട്ടപ്പാടിയിലാണ് ചിത്രത്തിന്റെ സെറ്റ് നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് ചിത്രീകരണം നീണ്ടുപോവുകയും കാലവര്‍ഷം കനക്കുകയും ചെയ്തതോടെ സെറ്റ് ഭാഗീകമായി തകര്‍ന്ന അവസ്ഥയിലാണ്.

ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച സെറ്റിനെ സംരക്ഷിക്കാന്‍ നിലവില്‍ ടര്‍പ്പോളിന്‍ വലിച്ചു കെട്ടിയിരിക്കുകയാണ്. ജൂണ്‍ 12ഓടെ ഷൂട്ടിങ് പുനരാരംഭിക്കാമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ചെന്നൈയില്‍ താമസിക്കുന്ന തനിക്ക് കേരളത്തിലേക്ക് എത്താനാവില്ല എന്നാണ് പ്രശാന്തം കുറിപ്പില്‍ പറയുന്നത്.

പ്രശാന്ത് കാനത്തൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

സ്റ്റേഷന്‍ 5 ഉയിര്‍ത്തെഴുന്നേല്‍ക്കും…

ഈ ടാര്‍പോളിന്‍ ഷീറ്റുകള്‍ കൊണ്ട് വരിഞ്ഞു മുറുക്കിയിരിക്കുന്നത് എന്റെ വലിയ സ്വപ്നവും പ്രതീക്ഷയുമാണ്. ഇവിടുത്തെ മഴത്തുളളികള്‍ക്കൊപ്പം ഒഴുകുന്നത് നിര്‍മാതാവിന്റെ കണ്ണീരാണ്. ഈ കുറിപ്പ് കദന കഥയല്ല. ചില യാഥാര്‍ത്യങ്ങള്‍ പറയുമ്പോള്‍ അതിന്റെ വികാരം ഇങ്ങനെ വന്നു ഭവിക്കുകയാണെന്നു മാത്രം. ഞാന്‍ സംവിധാനം ചെയ്യുന്ന ‘സ്റ്റേഷന്‍ -5’ എന്ന സിനിമയുടെ അട്ടപ്പാടി ലൊക്കേഷനിലെ ജൂണ്‍ അഞ്ചിലെ കാഴ്ചകളാണിത്.

ലക്ഷങ്ങള്‍ ചെലവില്‍, ഒരു മാസത്തിലധികം സമയമെടുത്ത്, അനേകം തൊഴിലാളികള്‍ വിയര്‍പ്പൊഴുക്കി, അഗളി നരസിമുക്കിലെ മലമുകളില്‍ കെട്ടിപ്പൊക്കിയ 16 കുടിലുകളില്‍ പകുതിയിലേറെയും ഇപ്പോള്‍ ഭാഗികമായി നശിച്ചു. എളിയ സിനിമ സംരംഭത്തിന് കൊറോണ വൈറസ് നല്‍കിയ ദുരിത സമ്മാനം. കോവിഡ് വ്യാപനം മൂലം മാര്‍ച്ച് 17-ന് ചിത്രീകരണം അവസാനിപ്പിച്ച് അട്ടപ്പാടിയില്‍ നിന്നും മടങ്ങുകയായിരുന്നു.

സെറ്റുകള്‍ സംരക്ഷിക്കാന്‍ കാവല്‍ക്കാരനെ നിയമിച്ചു. പ്രകൃതിയുടെ പ്രതിഭാസങ്ങള്‍ തടുക്കാനുളള അദ്ഭുത വിദ്യകളൊന്നും ആ പാവം കാവല്‍ക്കാരന്റെ കൈവശമുണ്ടായിരുന്നില്ല. തകര്‍ത്തു പെയ്തു മഴ. ആഞ്ഞു വീശി കാറ്റ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സാദിഖും സംഘവും തിരൂരില്‍ നിന്നും ടാര്‍പോളിന്‍ ഷീറ്റുകളുമായി വെളളിയാഴ്ച രാവിലെ അട്ടപ്പാടിയിലെത്തി. ആറു ജോലിക്കാരുണ്ടായിട്ടു പോലും ശക്തമായ കാറ്റില്‍ ഷീറ്റുകള്‍ കെട്ടാന്‍ ഏറെ പണിപ്പെട്ടു. ഇനിയും രണ്ടു ദിവസമെടുക്കും സെറ്റിനെ വരിഞ്ഞു മുറുക്കി പണികള്‍ തീര്‍ക്കാന്‍.

സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയതിനെത്തുടര്‍ന്ന് ജൂണ്‍ 12 ന് ചിത്രീകരണം തുടങ്ങാമെന്നു കരുതിയിരുന്നു. നായകന്‍ പ്രയാണ്‍ വിഷ്ണുവും ഇന്ദ്രന്‍സ് ചേട്ടനും ഐ.എം.വിജയനും, സന്തോഷ് കീഴാറ്റൂരും നൃത്തസംവിധായകനുമൊക്കെ വരാമെന്നേറ്റതായിരുന്നു. പക്ഷേ ലോക്ക് ഡൗണ്‍ മൂലം ചെന്നൈയില്‍ താമസിക്കുന്ന എനിക്ക് കേരളത്തിലെത്താന്‍ ഒട്ടേറെ നൂലാമാലകളുണ്ട്. സിനിമയിലെ നായിക പ്രിയംവദയും ചെന്നൈയിലാണ്. അവര്‍ക്കും നിയമം ബാധകമാണ്.

ഇന്‍ഡോര്‍ ചിത്രീകരണത്തിനു മാത്രമേ സര്‍ക്കാര്‍ അനുമതിയുളളൂ എന്നും അറിയാനായി. ഷൂട്ട് തുടങ്ങിയാല്‍ വീണ്ടും തടസങ്ങള്‍ തലപൊക്കുമോ എന്ന ആശങ്കകള്‍ വേറെയും. ഇപ്പോള്‍ മുന്നില്‍ ശൂന്യതയാണ്. ചിത്രീകരണം എന്നു തുടങ്ങാനാവുമെന്നറിയില്ല. വരിഞ്ഞു മുറുക്കിയ ഈ ടാര്‍പോളിന്‍ ഷീറ്റുകള്‍ക്കകത്തെ കുടിലുകളുടെ ആയുസും പ്രവചിക്കാനാവില്ല. ചിത്രീകരണത്തിന് ഒപ്പമുണ്ടായിരുന്നവര്‍ക്കൊന്നും എന്റെ വേദന മനസിലാക്കാനാവുമോ എന്നറിയില്ല.

പക്ഷേ എനിക്ക് മണ്ണില്‍ വിശ്വാസമുണ്ട്. ഞാന്‍ സെറ്റുകള്‍ തീര്‍ത്തത് മണ്ണിലാണ്. മണ്ണു ചതിക്കില്ലെന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. പ്രകൃതിയും എന്റെ സ്വപ്നങ്ങളെ സംരക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതുകൊണ്ടു തന്നെ ഈ സിനിമ ഭംഗിയായി പൂര്‍ത്തീകരിക്കാനാവുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്. മഴമേഘങ്ങളൊഴിഞ്ഞ അട്ടപ്പാടിയിലെ ആകാശത്തിന്റെ കനിവിനായി കാത്തിരിക്കുന്നു. കൊവിഡ് കാലത്ത് ലോകം തന്നെ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ എന്റെ വേദനകള്‍ക്ക് തന്‍മാത്രയുടെ വലുപ്പം പോലും ഉണ്ടായെന്നു വരില്ല. പക്ഷേ ചെറുതായാലും വലുതായാലും സങ്കടങ്ങള്‍ എന്നും സങ്കടങ്ങള്‍ തന്നെയല്ലേ ?

പ്രശാന്ത് കാനത്തൂര്‍


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here