gnn24x7

ഹാനോവിലെ വെടിവെപ്പ്; തോബിയാസ് റാറ്റയ്‌ന്റെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

0
285
gnn24x7

ബർലിൻ: കഴിഞ്ഞ ദിവസം ജർമനിയിലെ ഹാനോവില്‍ ഒൻപത് പേരെ വെടിവച്ച് വീഴ്ത്തിയ തോബിയാസ് റാറ്റയ്‌ന്റെ പിതാവ്  ഹാൻസ് ഗേർഡിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എഴുപത്തിരണ്ടുകാരനായ ഹാൻസിനെ കൈകളിൽ വിലങ്ങ് വച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

അമ്മയെ വകവരുത്തിയ തോബിയാസിന്റെ തോക്കിൻ മുനയിൽ നിന്ന് ഹാൻസ് എങ്ങനെ രക്ഷപ്പെട്ടു എന്ന് പൊലീസ് അന്വേഷിക്കും. ഒൻപത് പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിൽ ഹാൻസിന് പങ്കുണ്ടോഎന്നും പൊലീസ് പരിശോധിക്കും. ഇയാളെ ചോദ്യം ചെയ്യുന്നതോടെ കുടുതൽ വിവരം ലഭിക്കുമെന്നാണു പൊലീസിന്റെ നിഗമനം.

ഹാൻസിനെ ഇന്ന് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും. ഹാൻസ് വഴക്കാളിയായിരുന്നുവെന്ന് അയൽവാസികൾ പൊലീസിന് മൊഴി നൽകി. ചവറുകൾ നടപ്പാതയിൽ വിതറുക, അയൽവാസികളുമായി പാർക്കിങ്ങിനും മറ്റു വഴക്കിടുകയും പതിവായിരുന്നു. ഹാൻസ് മകന് ഏറെ പിൻന്തുണ നൽകിയിരുന്നതായി അയൽക്കാർ പറഞ്ഞു.

തോബിയാസ് തൊഴിൽ രഹിതനായിരുന്നു. എങ്കിലും പിതാവിന്റെ പണം കൊണ്ട് ആഡംബര കാറിലായിരുന്നു യാത്ര. ഈ കാറിൽ രണ്ട് തോക്കുമായി വന്നാണ് ഇയാൾ നിരപരാധികളുടെ നേരെ വെടി ഉതിർത്തത്. കൂട്ടകൊലയ്ക്കു നാല് ദിവസം മുമ്പ് തോബിയാസ് കൊല നടത്തിയ സ്ഥലത്ത് എത്തി നിരീക്ഷിക്കുന്നതിന്റെ ചിത്രം  സിസിടിവിയിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. കരുതി കൂട്ടിയുള്ള ആക്രമണം ആണ് ഇയാൾ നടത്തിയതെന്ന് ഇതോടെ തെളിഞ്ഞതായി പൊലീസ് വ്യക്തമാക്കി.

ജർമനിയിൽ സുരക്ഷ സംവിധാനങ്ങൾ കർക്കശമാക്കുകയാണെന്ന് ആഭ്യന്തര മന്ത്രി ഹോഴ്സ്റ്റ് സീ ഹോഫർ മാധ്യമങ്ങളെ അറിയിച്ചു. യന്ത്രതോക്കുകളുമായി കനത്ത പൊലീസ് സാന്നിധ്യം ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. റെയിൽവെ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും അതിർത്തികളിലും പൊലീസ് നിരീക്ഷണം ശക്തമാക്കും. തോക്ക് ലൈസൻസ് സ്വന്തമായിട്ടുള്ള സ്വകാര്യ വ്യക്തികൾ ഇനി വർഷത്തിലൊരിക്കൽ മാനസിക വിദഗ്ദ്ധരെ കണ്ട് സാക്ഷി പത്രം വാങ്ങണമെന്നതടക്കമുള്ള നിയമം പ്രാബല്യത്തിലെത്തിക്കാൻ നീക്കമുണ്ടാകും.

ജർമനിയിൽ സാമൂഹ്യ മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കു കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമം ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. ഫെയ്സ് ബുക്ക്, ട്വിറ്റർ തുടങ്ങിയവയിൽ വ്യാജപോസ്റ്റ്, കുപ്രചരണം, നേതാക്കളെയും വിദേശികളെയും വധിക്കുമെന്നുള്ള ഭീഷണി തുടങ്ങിയവ പോസ്റ്റ് ചെയ്യുന്നവർക്കു രണ്ടു വർഷം മുതൽ അഞ്ചു വർഷം വരെ ശിക്ഷ ഉറപ്പാക്കുന്ന നിയമമാണ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here