gnn24x7

ജർമനിയിൽ കോവിഡ് 19; പൂർണ്ണ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് മെർക്കൽ

0
223
gnn24x7

ബർലിൻ: ജർമനിയിൽ കോവിഡ് 19 രോഗികളുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടായതിനെ തുടർന്ന് പൂർണ്ണ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് മെർക്കൽ രംഗത്ത്. ഇന്നലെ വൈകിട്ട് മാധ്യമ പ്രവർത്തകരുടെ മുമ്പിൽ സർക്കാരിന്റെ വക ഒൻപതിന കർശന നടപടികൾ പ്രഖ്യാപിച്ചു. നടപടികൾക്ക് മുമ്പ് ജർമനിയിലെ പതിനാറ് സംസ്ഥാന മുഖ്യമന്ത്രിയായുമായി വിഡിയോ കോൺഫറൻസിൽ അഭിപ്രായം മെർക്കൽ ആരാഞ്ഞിരുന്നു.

ഇന്ന് – തിങ്കളാഴ്ച മുതൽ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് മെർക്കൽ മാധ്യമങ്ങളെ അറിയിച്ചു. ജർമനിയിൽ രണ്ടിലധികം ആളുകളുടെ കൂട്ടമാണ് പ്രധാനമായി നിരോധിച്ചിരിക്കുന്നത്. റസ്റ്ററന്റുകളും, ഹെയർ സ്റ്റയിൽ സെന്ററുകളും, സൗന്ദര്യ വർധക സെന്ററുകൾ, മസ്സാജ് സെന്ററുകൾ എന്നിവക്ക് പൂട്ട് വീഴും. സൂപ്പർ മാർക്കറ്റുകൾ, മെഡിക്കൽ ഷോപ്പുകൾ, ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ തുടങ്ങി അത്യാവശ്യ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കും.

സാമൂഹ്യ സമ്പർക്കത്തിന് വിലക്ക് ഏർപ്പെടുത്തി

‌സ്റ്റേ അറ്റ് ഹോം എന്ന കർശനമായ ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിലും കഴിവതും വീടുകളിൽ കഴിയാൻ ശ്രമിക്കണം. തൊഴിൽ ചെയ്യാൻ പോകുന്നവർക്ക് വിലക്കുകൾ ഒന്നും ഇല്ല. ജനം സഹകരിച്ചാൽ കോവിഡിനെ പരാജയപ്പെടുത്താൻ കഴിയുമെന്ന് മെർക്കൽ പ്രത്യാശ പ്രകടിപ്പിച്ചു. ജനത്തിന്റെ സഹകരണം തേടി. അടുത്ത രണ്ടാഴ്ചത്തേയ്ക്കായിരിക്കും നിയന്ത്രണങ്ങൾ നിലവിലുള്ളത്. എങ്കിലും ആവശ്യമെങ്കിൽ നീട്ടാനും സാധ്യതയുണ്ട്.

ഇതിനകം ജർമനിയിലെ മൂന്ന് സംസ്ഥാനങ്ങളുടെ വാതിലുകൾ അടച്ച് കഴിഞ്ഞതായും ഓരോ സംസ്ഥാനത്തിനും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പ്രത്യേക അധികാരമുണ്ടെന്ന് മെർക്കൽ കൂട്ടിച്ചേർത്തു. പൊതുജനത്തെ പൊലീസും മറ്റ് നിയമ പാലകരും നിരീക്ഷിക്കും നിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് കനത്ത പിഴയായിരിക്കുമെന്ന് മെർക്കൽ മുന്നറിയിപ്പ് നൽകി. തുക എത്രയെന്നുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് അവർ ഒഴിഞ്ഞുമാറി. ജർമനിയിൽ ഇതിനകം 2,4852 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 94 പേർ കോവിഡ് 19 മൂലം മരിച്ചു.

മെർക്കലും ക്വാറൻറൈനിലേക്ക്

ചാൻസലർ മെർക്കലിനെ കഴിഞ്ഞ വെള്ളിയാഴ്ച ചികിത്സിച്ച ഡോക്ടർക്ക് കോവിഡ് –19 സ്ഥിരീകരിച്ചതോടെ മെർക്കൽ സ്വയം ഹോം ക്വാറന്റീനിൽ പ്രവേശിച്ചതായി അവരുടെ മാധ്യമ വക്താവ് സ്റ്റ്ഫാൻ സൈബേർട്ട് അറിയിച്ചു. വെള്ളിയാഴ്ച ഈ ഡോക്ടറിൽ നിന്നും ന്യൂമോണിയ്ക്കുള്ള പ്രതിരോധ കുത്തിവെയ്പ്പ് മെർക്കലിന് ലഭിച്ചിരുന്നു. അടുത്ത രണ്ടാഴ്ച അവർ ഔദ്യോഗിക കാര്യങ്ങൾ വസതിയിൽ നിന്ന് നിർവ്വഹിക്കും.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here