gnn24x7

വിസ പുതുക്കുന്നതിനുള്ള നിരക്കുകളിലെ ഇളവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

0
156
gnn24x7

മസ്‍കത്ത്: ഒമാനില്‍ വിസ പുതുക്കുന്നതിനുള്ള നിരക്കുകള്‍ കുറച്ചത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദേശപ്രകാരമാണ് പ്രവാസികളുടെ വിസാ നിരക്കുകള്‍ കുറച്ചത്. പുതിയ നിരക്കുകള്‍ ഇന്ന് പ്രാബല്യത്തില്‍ വരുന്ന പശ്ചാത്തലത്തില്‍ തൊഴില്‍ പെര്‍മിറ്റുകളുടെ കാലാവധി പുതുക്കുന്നതില്‍ കാലതാമസം വരുത്തിയവര്‍ക്കുള്ള പിഴയും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ സെപ്‍റ്റംബര്‍ ഒന്നിനകം നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്ന വ്യവസ്ഥയുണ്ട്.

വിസ ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള നിരക്കുകളാണ് കുറച്ചിട്ടുണ്ട്. സുല്‍ത്താന്റെ നിര്‍ദേശത്തിന് പിന്നാലെ പുതിയ വിസാ നിരക്കുകള്‍ ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം നേരത്തെ തന്നെ പുറത്തിറക്കുകയും ചെയ്‍തിരുന്നു. കൃത്യമായി സ്വദേശിവത്കരണ നിരക്ക് പാലിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് പുതിയ ഫീസില്‍ 30 ശതമാനം ഇളവും ലഭിക്കും.

നേരത്തെ 2001 റിയാല്‍ ഈടാക്കിയിരുന്ന ഏറ്റവും ഉയര്‍ന്ന വിഭാഗത്തില്‍ 301 റിയാലാക്കി ഫീസ് കുറച്ചു. സൂപ്പര്‍വൈസറി തസ്‍തികകളായ മാനേജര്‍മാര്‍, സ്ഥാപന മേധാവികള്‍, സ്‍പെഷ്യലിസ്റ്റുകള്‍, കണ്‍സള്‍ട്ടന്റുമാര്‍ എന്നിങ്ങനെയുള്ളവരാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ തന്നെ സ്വദേശിവത്‍കരണ നിബന്ധനകള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 201 റിയാലായിരിക്കും ഫീസ്.

നേരത്തെ 601 റിയാല്‍ മുതല്‍ 1001 റിയാല്‍ വരെ ഈടാക്കിയിരുന്ന തസ്‍തികകളിലേക്ക് ഇനി മുതല്‍ 201 റിയാലായിരിക്കും വിസാ ഫീസ്. സ്‍പെഷ്യലൈസ്‍ഡ്, സാങ്കേതിക വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരാണ് ഇതില്‍ ഉള്‍പ്പെടുന്നവരില്‍ അധികവും. ഈ വിഭാഗത്തിലെ സ്വദേശിവത്‍കരണം നടപ്പാക്കിയ സ്ഥാപനങ്ങള്‍ക്ക് 176 റിയാല്‍ ആയിരിക്കും ഫീസ്. നിലവില്‍ 301റിയാല്‍ മുതല്‍ 361 റിയാല്‍ വരെ ഈടാക്കുന്ന വിഭാഗത്തില്‍ ഇനി മുതല്‍ വിസ ഇഷ്യൂ ചെയ്യാനും പുതുക്കാനും 201 റിയാല്‍ ആയിരിക്കും പുതിയ ഫീസ്. ഇതും സ്വദേശിവത്കരണം പൂര്‍ത്തിയാക്കിയവര്‍ക്ക് 141 റിയാല്‍ ആയിരിക്കും ഇത്. വീട്ടുജോലിക്കാരുടെ ഫീസ് 141ല്‍ നിന്ന് 101 റിയാലായും കുറച്ചിട്ടുണ്ട്. കാര്‍ഷിക വിസാ നിരക്ക് 201 റിയാലില്‍ നിന്ന് 141 റിയാലാക്കി കുറച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here