gnn24x7

യുവേഫ ചാംപ്യൻസ് ലീഗ് ടീം ഓഫ് ദ സീസൺ പ്രഖ്യാപിച്ചു

0
524
gnn24x7

മിലാന്‍: യുവേഫ ചാംപ്യൻസ് ലീഗ് ടീം ഓഫ് ദ സീസൺ പ്രഖ്യാപിച്ചു. കരീം ബെൻസെമയാണ് സീസണിലെ താരം. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലിയോണൽ മെസ്സിയും നെയ്മറും ടീമിലിടം പിടിച്ചില്ല. ഫൈനലിനായി പാരീസ് വരെയെത്തിയ രണ്ട് ടീമുകളിൽ നിന്നാണ് ഭൂരിഭാഗം താരങ്ങളും.

പതിനാലാം കിരീടം നേടിയ റയൽ മാഡ്രിഡിന്‍റെയും കലാശപ്പോരിൽ വീണ ലിവർപൂളിലെയും നാല് താരങ്ങൾ വീതം. പിഎസ്‌ജി മാഞ്ചസ്റ്റർ സിറ്റി, ചെൽസി ടീമുകളിൽ നിന്നാണ് ബാക്കിയുള്ള മൂന്ന് പേർ. റയലിന്‍റെ ഗോളടി വീരൻ കരീം ബെൻസെമ തന്നെയാണ് ആക്രമണത്തിന്‍റെ കുന്തമുന.

ബെൻസെമ സീസണിൽ നേടിയത് 12 കളിയിൽ 15 ഗോളുകൾ. ഫൈനലിലെ വിജയശിൽപ്പി വിനീഷ്യസ് ജൂനിയറും പിഎസ്‌ജിയുടെ കിലിയൻ എംബപ്പെയും ബെൻസെമയ്ക്ക് കൂട്ടായി മുന്നേറ്റത്തിൽ. മധ്യനിര മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡിബ്രുയിൻ നിയന്ത്രിക്കും. റയലിന്‍റെ ലൂക്കാ മോഡ്രിച്ച്, ലിവർപൂളിന്‍റെ ഫാബിഞ്ഞോ എന്നിവരും ടീമിലുണ്ട്.

പ്രതിരോധം ചെമ്പടയുടെ കൈയ്യിൽ ഭദ്രം. ലിവർപൂൾ താരങ്ങളായ ട്രന്‍റ് അലക്സാണ്ടർ അർണോൾഡ്, വിർജിൽ വാൻഡെയ്ക്, ആൻഡി റോബർട്ട്‍സൻ എന്നിവർക്കൊപ്പം ചെൽസിയുടെ അന്‍റോണിയോ റൂഡിഗറും ടീമിലിടം കണ്ടു. ഫൈനലിൽ നിറഞ്ഞുകളിച്ച് റയൽമാഡ്രിഡിന് കിരീടം സമ്മാനിച്ച കോര്‍ട്വയാണ് ടീമിന്‍റെ ഗോൾകീപ്പർ.

gnn24x7