gnn24x7

വാക്‌സിൻ വിവാദത്തിൽ മൗനം വെടിഞ്ഞ് ജോക്കോവിച്ച്

0
469
gnn24x7

ബെല്‍ഗ്രേഡ്: കോവിഡ് വാക്സിന്‍ സ്വീകരിക്കാതെയും മെഡിക്കല്‍ ഇളവ് നേടാതെയും ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാനെത്തിയ സെര്‍ബിയന്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനെ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വിസ റദ്ദാക്കി നാടുകടത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഈ സംഭവം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം വിഷയത്തില്‍ ബിബിസിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിൽ ജോക്കോവിച്ച് പ്രതികരിച്ചിരിക്കുകയാണ്. പുരുഷ ടെന്നീസിലെ എക്കാലത്തെയും മികച്ച താരമെന്ന പദവി തനിക്ക് തന്റെ ശരീരത്തില്‍ എന്ത് ഉള്‍പ്പെടുത്തണമെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തേക്കാള്‍ പ്രധാനമല്ലെന്ന് ജോക്കോവിച്ച് പറഞ്ഞു.

”ഞാന്‍ ഒരിക്കലും വാകിസിനേഷന് എതിരായിരുന്നില്ല. എന്നാല്‍ നിങ്ങളുടെ ശരീരത്തില്‍ എന്ത് കയറ്റണമെന്നത് നിങ്ങള്‍ക്ക് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യത്തെ ഞാന്‍ എപ്പോഴും പിന്തുണച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് ഞാന്‍ വാക്‌സിന്‍ എടുത്തിട്ടുള്ളതാണ്”, ജോക്കോവിച്ച് വ്യക്തമാക്കി.

നിര്‍ബന്ധിത വാക്‌സിന്‍ നിയന്ത്രണങ്ങള്‍ കാരണം കളിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഭാവിയില്‍ പ്രധാന ടൂര്‍ണമെന്റുകള്‍ നഷ്ടപ്പെടുമോ എന്ന ചോദ്യത്തിന് ”അതാണ് ഇക്കാര്യത്തിന് നല്‍കേണ്ടിവരുന്ന വിലയെങ്കില്‍ ആ വില നല്‍കാന്‍ ഞാന്‍ തയ്യാറാണ്” എന്നായിരുന്നു ജോക്കോയുടെ മറുപടി.

”എന്റെ ശരീരത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം എനിക്ക് ഏത് കിരീട നേട്ടത്തേക്കാളും മറ്റെന്തിനേക്കാളും വലുതാണ്”, ജോക്കോ കൂട്ടിച്ചേര്‍ത്തു.

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കാന്‍ ജനുവരി അഞ്ചിന് മെല്‍ബണിലെത്തിയ ജോക്കോവിച്ചിനെ വിമാനത്താവളത്തില്‍ പിടികൂടി വിസ റദ്ദാക്കിയിരുന്നു. തുടര്‍ന്ന്, അഭയാര്‍ഥികളെ പാര്‍പ്പിക്കുന്ന ഹോട്ടലിലേക്ക് മാറ്റി. കോവിഡിനെതിരായ വാക്സിന്‍ സ്വീകരിക്കാതെയാണ് ജോക്കോ എത്തിയത്. വാക്സിനേഷനില്‍ ഇളവുനേടിയതിന്റെ വ്യക്തമായ രേഖകളും ഹാജരാക്കാനായില്ല. ഇതിനെതിരേ കോടതിയെ സമീപിച്ച ജോക്കോ അനുകൂലവിധി സമ്പാദിച്ചു. വിസ പുനഃസ്ഥാപിച്ചുകിട്ടി. പിന്നാലെ മോചിതനായ ജോക്കോ പരിശീലനവും തുടങ്ങി. പ്രത്യേകാധികാരം ഉപയോഗിച്ച് ഓസ്‌ട്രേലിയന്‍ കുടിയേറ്റമന്ത്രി വിസ വീണ്ടും റദ്ദാക്കുകയായിരുന്നു. വാക്സിനെടുക്കാത്ത ജോക്കോയെ പൊതുസമൂഹത്തിന് ഭീഷണിയായും പ്രഖ്യാപിച്ചു. കോവിഡ് വാക്സിന്‍ എടുക്കാതെ ഓസ്ട്രേലിയയില്‍ പ്രവേശിച്ചതിനാലാണ് ജോക്കോവിച്ചിനെതിരെ നടപടിയെടുത്തതെന്നും പൊതുതാത്പര്യം കണക്കിലെടുത്താണ് വിസ റദ്ദാക്കാനുള്ള തീരുമാനമെടുത്തതെന്നും കുടിയേറ്റ മന്ത്രി അലെക്സ് ഹോക് വ്യക്തമാക്കി. ഇതിനെതിരേ താരം വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, മൂന്നംഗ ഫെഡറല്‍ കോടതി ജോക്കോയുടെ അപ്പീല്‍ തള്ളി. ഈ അന്തിമവിധിക്കെതിരേ വീണ്ടും കോടതിയെ സമീപിക്കാന്‍ ജോക്കോയ്ക്ക് കഴിയില്ലായിരുന്നു.

ഡിസംബര്‍ 16-ന് താന്‍ കോവിഡ് പോസിറ്റീവായിരുന്നതിനാലാണ് വാക്സിന്‍ എടുക്കാതിരുന്നത് എന്നാണ് ജോക്കോ കോടതിയില്‍ വാദിച്ചത്. എന്നാല്‍, അതിന്റെ പിറ്റേന്ന് ചടങ്ങുകളില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതോടെ കോവിഡ് ചട്ടങ്ങളുമായി ബന്ധപ്പെട്ട വീഴ്ചകള്‍ സമ്മതിച്ച് ജോക്കോവിച്ച് രംഗത്തെത്തി. ഇമിഗ്രേഷന്‍ ഫോമില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നും കോവിഡ് പോസിറ്റീവായിരുന്നപ്പോള്‍ ഒരു മാധ്യമറിപ്പോര്‍ട്ടറുമായി സംസാരിച്ചെന്നും താരം പറഞ്ഞു.

ഇമിഗ്രേഷന്‍ ഫോമില്‍, രണ്ടാഴ്ചയ്ക്കിടെ യാത്രകള്‍ നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ജോക്കോ നല്‍കിയ മറുപടി. എന്നാല്‍, സ്‌പെയിനിലേക്കും മറ്റും യാത്രചെയ്തതിന്റെ തെളിവുകള്‍ പിന്നാലെ കിട്ടി. ഏജന്റിന് പറ്റിയ കൈയബദ്ധമാണ് എന്നാണ് ജോക്കോ വിശദീകരിച്ചത്. കോവിഡിന്റെ ദുര്‍ഘടകാലത്ത് ഇത്തരം തെറ്റുകള്‍ സംഭവിക്കും എന്നുമായിരുന്നു അദ്ദേഹത്തിന്റെ ന്യായം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here