gnn24x7

യുക്രെയ്നിലെ യുദ്ധം: റഷ്യൻ ഡീസലിന് യൂറോപ്പിൽ വിലക്ക്

0
124
gnn24x7

യുക്രെയ്നിൽ റഷ്യ നടത്തുന്ന യുദ്ധത്തിൽ പ്രതിഷേധിച്ച് റഷ്യയിൽ നിന്നുള്ള ഡീസൽ, മറ്റു പെട്രോളിയം ഉപ ഉൽപന്നങ്ങൾ എന്നിവയ്ക്ക് യൂറോപ്യൻ യൂണിയൻ വിലക്കേർപ്പെടുത്തി. എണ്ണവിൽപന വഴിയുള്ള ലാഭം യുദ്ധച്ചെലവുകൾക്ക് റഷ്യ ഉപയോഗിക്കുന്നതിനു തടയിടാനാണു നീക്കം.

യൂറോപ്പിന്റെ ഡീസൽ ആവശ്യത്തിന്റെ 10 ശതമാനവും പരിഹരിച്ചിരുന്നത് റഷ്യയിൽ നിന്നുള്ള വിതരണം വഴിയാണ്. ഈ വിടവ് നികത്താനായി യുഎസും ഗൾഫ് രാജ്യങ്ങളുമുൾപ്പെടെയുള്ളിടങ്ങളിൽ നിന്നുള്ള ഡീസൽ ഉപയോഗിക്കാനാണ് യൂറോപ്യൻ യൂണിയന്റെ ലക്ഷ്യം. എന്നാൽ റഷ്യയെ അപേക്ഷിച്ച് ഇവിടങ്ങളിൽ നിന്നുള്ള ഗതാഗതച്ചെലവ് കൂടുതലാണെന്ന പ്രശ്നം യൂറോപ്പിനെ അലട്ടുന്നു.

യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഹർകീവിൽ റഷ്യ ഇന്നലെ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ 5 പേർക്ക് പരുക്കേറ്റു. എസ്-300 ശ്രേണിയിലുള്ള മിസൈലിലൊരെണ്ണം യുക്രെയ്നിലെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലാണു പതിച്ചത്. കിഴക്കൻ യുക്രെയ്നിലെ ഡോണെറ്റ്ക്സ് മേഖലയിൽ പോരാട്ടം തുടരുന്നു. തുറമുഖനഗരമായ ഒഡേസയിൽ വിതരണശൃംഖല തകർന്നതിനെത്തുടർന്ന് 3 ലക്ഷത്തോളം ആളുകൾക്കു വൈദ്യുതിയില്ലാത്ത അവസ്ഥയാണ്.

യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ വധിക്കില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ തനിക്ക് ഉറപ്പുനൽകിയതായി ഇസ്രയേൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് വെളിപ്പെടുത്തി. യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ ബെനറ്റ് ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിച്ചിരുന്നു. ഒരിക്കൽ പുട്ടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് വാക്കുതന്നതെന്നും ബെനറ്റ് പറഞ്ഞു..GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here