gnn24x7

മഹാരാഷ്ട്ര മതിയായി; കർണാടകയിൽ ചേരാൻ അനുവദിക്കണം: ആവശ്യവുമായി 11 ഗ്രാമങ്ങൾ

0
222
gnn24x7

അടിസ്ഥാന സൗകര്യങ്ങൾ നൽകിയില്ലെങ്കിൽ കർണാടക സംസ്ഥാനത്തിലേക്കു ലയിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന (ഷിൻഡെ) – ബിജെപി സഖ്യസർക്കാർ ഭരിക്കുന്ന മഹാരാഷ്ട്രയിലെ 11 ഗ്രാമങ്ങൾ. സോലാപുർ ജില്ലയിലെ അക്കൽകോട്ട് താലൂക്കിലെ 11 ഗ്രാമങ്ങളാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തുവന്നത്. സർക്കാർ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നൽകിയില്ലെങ്കിൽ ലയനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് കത്ത് നൽകാൻ ഗ്രാമങ്ങൾ പ്രമേയം പാസാക്കിയിരുന്നു.

അതിർത്തി തർക്കം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ കർണാടകത്തിലേക്കുള്ള എംഎസ്ആർടിസി ബസ് സർവീസ് മഹാരാഷ്ട്ര നിർത്തിവച്ചു. കർണാടകയിൽ വച്ച് ബസുകൾ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചൊവ്വാഴ്ച കർണാടകയിലെ ബെലഗാവി ജില്ലയിൽ വച്ച് മഹാരാഷ്ട്രയിൽനിന്നുള്ള 6 ട്രക്കുകൾ ആക്രമിക്കപ്പെട്ടിരുന്നു.

ദശകങ്ങൾ പഴക്കമുള്ള അതിർത്തിത്തർക്കം വീണ്ടും ഉയർന്നു വരുന്നതിനിടയിലാണ് പുതിയ ആവശ്യവും ഇരു സംസ്ഥാനങ്ങൾക്കിടയിൽ വന്നത്. കല്ലകർജൽ, കേഗാവ്, ഷേഗാവ്, കോർസെഗാവ്, ആളഗി, ധർസാങ്, അഡേവാഡി (ഖുർദ്), ഹില്ലി, ദേവികാവതേ, മൻഗുൾ, ഷവാൾ എന്നീ ഗ്രാമപഞ്ചായത്തുകളാണ് സോലാപുർ കലക്ടർക്ക് തങ്ങളുടെ ആവശ്യം എഴുതി സമർപ്പിച്ചത്.

മികച്ച റോഡുകളോ വൈദ്യുതിയോ വെള്ളമോ ഈ മേഖലകളിൽ ലഭിക്കുന്നില്ലെന്നാണു ഇവിടുത്തുകാരുടെ പരാതി. “ഗ്രാമത്തിലേക്കു ശരിയായ റോഡ് ഇല്ലാത്തതിനാൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്കോ അധ്യാപകർക്കോ ഇവിടേക്ക് എത്താനാകുന്നില്ല. വിദ്യാഭ്യാസത്തിനും മറ്റുമായി യുവജനങ്ങൾക്കുപുറത്തുപോകാനാകുന്നില്ല. സാങ്കേതികവിദ്യ എത്താത്തതിനാൽ മറ്റു ജോലികളും ചെയ്യാനാകുന്നില്ല” – ആളഗി ഗ്രാമത്തിന്റെ സർപ്പഞ്ച് സഗുണാബായ് ഹത്തുരെ പറഞ്ഞു.

ഇരു സംസ്ഥാനങ്ങളുടെയും കൈവശമുള്ള സ്ഥലങ്ങളിൽ പരസ്പരം അവകാശവാദങ്ങൾ കർണാടകയും മഹാരാഷ്ട്രയും ഉന്നയിക്കുന്നുണ്ട്. ജാട്ട് താലൂക്ക്, അക്കലോട്ടിലെയും സോലാപുരിലെയും ചില കന്നഡ സംസാരിക്കുന്ന മേഖലകൾ തുടങ്ങിയവയിൽ കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മ അവകാശവാദം ഉന്നയിച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here