gnn24x7

ആലപ്പുഴ മെഡിക്കൽ കോളേജിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം: പോലീസ് കേസെടുത്തു

0
206
gnn24x7

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽകോളേജ് ആശുപത്രിയിൽപ്രസവത്തെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കൈനകരി കുട്ടമംഗലം കായിത്തറ ശ്യാംജിത്തിന്റെ ഭാര്യ അപർണ (21)യും പെൺകുഞ്ഞുമാണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്കു മാറ്റി. ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തെത്തുടർന്ന് സ്ഥലത്ത് ബഹളം തുടരുകയാണ്.

തിങ്കളാഴ്ചയാണ് അപർണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു വേദനയെത്തുടർന്ന് യുവതിയെ ലേബർ റൂമിൽ പ്രവേശിപ്പിച്ചത്. പ്രസവസമയത്ത് ഡോക്ടർ ഉണ്ടായിരുന്നില്ലെന്നും പഠിക്കുന്ന വിദ്യാർഥികളാണ് ഓപ്പറേഷൻ നടത്തിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. അനസ്തേഷ്യ കൂടിപ്പോയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായാണ് ബന്ധുക്കൾ പറയുന്നത്. പുലർച്ചെ നാല് മണിക്ക് അടിയന്തരമായി ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞ് ഒപ്പ് വാങ്ങിയതായും അവർ വ്യക്തമാക്കുന്നു. എന്നാൽ ശസ്ത്രക്രിയ ചെയ്തതിന് ശേഷമായിരുന്നു ഇതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

എന്നാൽ പൊക്കിൾക്കൊടി പുറത്ത് വന്നപ്പോഴാണ് സിസേറിയൻ തീരുമാനിച്ചതെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുൾസലാമിന്റെ വാദം. പ്രസവസമയത്ത് അമ്മയ്ക്കും കുഞ്ഞിനും 20 ശതമാനം മാത്രമായിരുന്നു ഹൃദയമിടിപ്പെന്നും ആബ്ദുൾ സലാം കൂട്ടിച്ചേർത്തു. കുഞ്ഞ് ഇന്നലെ രാത്രിയും അപർണ ഇന്ന് പുലർച്ചെയുമാണ് മരിച്ചത്. കുഞ്ഞ് മരിച്ചതിന് പിന്നാലെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നീട് അമ്പലപ്പുഴ പോലീസെത്തിയാണ് സംഘർഷം ഒഴിവാക്കിയത്.സംഭവത്തിൽ അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. കുഞ്ഞിന്റെ മരണം അന്വേഷിക്കാൻ വിദഗ്ധസമിതിയെ ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുൾസലാം ചുമതലപ്പെടുത്തിയിരുന്നു. 48 മണിക്കൂറിനകം റിപ്പോർട്ട് നൽകാനാണ് സൂപ്രണ്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഡോക്ടർമാരുടെ അനാസ്ഥയാണ് സംഭവത്തിനു പിന്നിലെന്നാണ് ബന്ധുക്കളുടെ ആരോപണം. അമ്പലപ്പുഴ പോലീസ് അപർണയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി.

ഫൊറൻസിക് വിഭാഗം മേധാവി ഡോ. ഷാരിജയുടെ നേതൃത്വത്തിലുള്ള സമിതിയാണ് കുഞ്ഞിന്റെ മരണത്തിൽ അന്വേഷണം നടത്തുന്നത്. പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ജയറാം ശങ്കർ, കാർഡിയോളജി വിഭാഗം മേധാവി ഡോ. വിനയകുമാർ, സർജറിവിഭാഗം മേധാവി ഡോ. എൻ.ആർ. സജികുമാർ, നഴ്സിങ് ഓഫീസർ എന്നിവരാണ് സമിതിയിലുള്ളത്. രണ്ടുദിവസത്തിനകം അന്വേഷണറിപ്പോർട്ട് സമർപ്പിക്കാനാണ് സൂപ്രണ്ട് നിർദേശിച്ചിരിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here