gnn24x7

അയോധ്യയിലെ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു

0
152
gnn24x7

ലക്നോ: അയോധ്യയിലെ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. അയോധ്യ ക്ഷേത്രനിര്‍മാണത്തിന് തുടക്കം കുറിക്കുന്ന ഭൂമിപൂജ ചടങ്ങുകള്‍ക്ക് ശേഷമാണ്  പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാസ്ഥാപനം നിർവഹിച്ചത്. 40 കിലോഗ്രാം തൂക്കമുള്ള വെള്ളി കൊണ്ടുള്ള ഇഷ്ടികയാണ് ഇതിനായി ഉപയോഗിച്ചത്. ഗംഗ, യമുന, കാവേരിയടക്കമുള്ള നദികളില്‍ നിന്നെത്തിച്ച വെള്ളവും, രണ്ടായിരം തീര്‍ത്ഥസ്ഥാനങ്ങളില്‍ നിന്നുള്ള മണ്ണും ഭൂമിപൂജക്ക് എത്തിച്ചിരുന്നു. രാമനാമ ജപത്താലും വേദമന്ത്രോച്ചാരണത്താലും മുഖരിതമായ അന്തരീക്ഷത്തിലാണ് ചടങ്ങുകൾ നടന്നത്.

ന്യൂഡൽഹിയിൽനിന്ന് പ്രത്യേക വിമാനത്തിലാണ് മോദി ലക്നൗവിൽ എത്തിയത്. 11 മണിയോടെ അയോധ്യയിലെ സകേത് കോളജ് ഹെലിപാഡില്‍ വന്നിറങ്ങിയ പ്രധാനമന്ത്രിയെ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. പ്രധാനമന്ത്രി ആദ്യം ഹനുമാന്‍ഗഢി ക്ഷേത്രം സന്ദർശിച്ച് പ്രാർഥിച്ചു. അവിടെ വെള്ളി കിരീടം സമര്‍പ്പിച്ച ശേഷം രാംലല്ലയിലെത്തി പ്രാര്‍ഥിച്ചു. തുടർന്നാണ് ഭൂമിപൂജയക്കായി എത്തിയത്. ചടങ്ങുകൾ 11.30ഓടെ ആരംഭിച്ചു.

സന്യാസിമാരും പൗരപ്രമുഖരും രാഷ്ട്രീയ നേതാക്കളും ഉൾപ്പടെ 175 പേരെ ചടങ്ങിന് ക്ഷണിച്ചിട്ടുണ്ടെങ്കിലും  യു​.പി ഗ​വ​ര്‍​ണ​ര്‍ ആ​ന​ന്ദി ബെ​ന്‍ പ​ട്ടേ​ല്‍, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭഗവത്, ക്ഷേത്രനിർമാണ ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവർക്ക് മാത്രമാണ് മോദിക്ക് പുറമെ ചടങ്ങുകൾ നേരിട്ട് വീക്ഷിക്കാൻ അവസരം ലഭിച്ചത്. കേന്ദ്ര സേനയുടെ കനത്ത സുരക്ഷ വലയത്തിൽ കോവിഡ് പ്രതിരോധമാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here