gnn24x7

അയോധ്യയിലെ ബാബറി മസ്ജിദ് തകർത്ത കേസിൽ വിധി ഇന്ന്

0
304
gnn24x7

ലക്നൗ: അയോധ്യയിലെ ബാബറി മസ്ജിദ് തകർത്ത കേസിൽ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പറയും. 28 വർഷം പഴക്കമുള്ള കേസിൽ ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, കല്യാൺ സിങ്, ഉമാഭാരതി എന്നിവരടക്കം 32 പേരാണ് പ്രതികൾ. ഇവരെല്ലാവരും ഹാജരാകണമെന്ന് പ്രത്യേക കോടതി നിർദേശിച്ചിട്ടുണ്ടെങ്കിലും പ്രായാധിക്യവും കോവിഡ് പശ്ചാത്തലവും കണക്കിലെടുത്ത് അദ്വാനിയടക്കമുള്ളവർ ഹാജരാകില്ലെന്നാണ് സൂചന. അതേസമയം, കോവിഡ് ബാധിച്ച് ചികിത്സയിലുള്ള ഉമാഭാരതി മാത്രമേ എത്തില്ലെന്ന് അറിയിച്ചിട്ടൂള്ളൂവെന്ന് കോടതി വൃത്തങ്ങൾ പറഞ്ഞു. വിധി പറയുന്ന ജ‍ഡ്ജി എസ്.കെ. യാദവ് വിരമിക്കുന്നതും ഇന്നാണ്.

വിധി വരുന്ന പശ്ചാത്തലത്തിൽ കോടതിയുടെ പരിസരത്തും അയോധ്യയിലും സുരക്ഷ ശക്തമാക്കി. അയോധ്യയിൽ രാമജന്മഭൂമി പരിസരത്തും കൂടുതൽ പൊലീസിനെയും അർധസൈനികരെയും വിന്യസിച്ചു. അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരെ വിഡിയോ കോൺഫറൻസിങ് വഴിയാണ് വിസ്തരിച്ചത്. ഇവരെല്ലാം കുറ്റം നിഷേധിച്ചിരുന്നു. അന്നത്തെ കോൺഗ്രസ് സർക്കാർ രാഷ്ട്രീയ വിദ്വേഷം കാരണം പ്രതിയാക്കിയെന്നാണ് ഇവർ കോടതിയിൽ പറഞ്ഞത്. പ്രതികളിൽപ്പെട്ട ബിജെപി എംപി സാക്ഷി മഹാരാജ്, രാമജന്മഭൂമി ക്ഷേത്രനിർമാണ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപട് റായ്, മുൻ എംപി വിനയ് കട്യാർ, മുൻ മധ്യപ്രദേശ് മന്ത്രിയും ബജ്‌റങ് ദൾ നേതാവുമായിരുന്ന ജയ്ഭാൻ സിങ് പവയ്യ തുടങ്ങിയവർ ഇന്ന് ഹാജരാകുമെന്നറിയിച്ചിട്ടുണ്ട്.

32 പ്രതികളിൽ 25 പേർക്കും വേണ്ടി ഹാജരാകുന്നത് കെ.കെ. മിശ്രയാണ്. ലളിത് സിങ്ങാണ് സിബിഐ അഭിഭാഷകൻ. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകൾ പരിശോധിച്ചു. 47 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഇതിൽ 17 പേർ വിചാരണ കാലയളവിൽ മരണപ്പെട്ടു. രാമക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിർമിച്ചതെന്ന് ആരോപിച്ച് 1992ലാണ് പള്ളി തകർക്കപ്പെട്ടത്.

പ്രതികൾക്കെതിരായ ഗൂഢാലോചനാ കുറ്റം 2001ൽ വിചാരണ കോടതി എടുത്തുകളഞ്ഞിരുന്നു. 2010ൽ അലഹബാദ് ഹൈക്കോടതി ഈ വിധി ശരിവെച്ചു. എന്നാൽ 2017 ഏപ്രില്‍ 19ന് സുപ്രീംകോടതി ഗൂഢാലോചന കുറ്റം പുനഃസ്ഥാപിക്കാൻ ഉത്തരവിട്ടു. 2 വർഷം കൊണ്ടു വിചാരണ പൂർത്തിയാക്കി വിധി പറയണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പിന്നീട് ആദ്യം ഈ വർഷം ഓഗസ്റ്റ് 31 വരെയും തുടർന്ന് ഇന്നേക്കും തീയതി നീട്ടിക്കൊടുത്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here