gnn24x7

ഗുജറാത്തിലെ ബറൂച്ചില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം; നാല്‍പതോളം ജീവനക്കാര്‍ക്ക് പരിക്കേറ്റു

0
179
gnn24x7

ഗാന്ധിനഗര്‍: ഗുജറാത്തിലെ ബറൂച്ചില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം. നാല്‍പതോളം ജീവനക്കാര്‍ക്ക് പരിക്കേറ്റു.

ഗുജറാത്തിലെ പ്രധാന വ്യവസായ മേഖലയായ ദാഹേജിലെ യശാശ്വി രസായന്‍ എന്ന സ്വകാര്യ ഫാക്ടറിയിലാണ് സംഭവം. സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഫാക്ടറിയിലുണ്ടായിരുന്ന നാല്‍പതോളം വരുന്ന ജീവനക്കാര്‍ക്ക് പൊള്ളലേറ്റെന്നും എല്ലാവരെയും ആശുപത്രിയിലെക്ക് മാറ്റിയിട്ടുണ്ടെന്നും ബറൂച്ച് ജില്ലാ കളക്ടര്‍ എം.ഡി മോദിയ പറഞ്ഞു.

‘അഗ്രോ-കെമിക്കല്‍ കമ്പനിയിലുണ്ടായ സ്‌ഫോടനത്തില്‍ 35-40ഓളം ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഇവരെയെല്ലാവരെയും ബറൂച്ചിലെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്,’ എം.ഡി മോദിയ പറഞ്ഞു.

തീപിടുത്തത്തില്‍ ഫാക്ടറി പൂര്‍ണമായും കത്തിനശിച്ചു. വ്യവസായ ആവശ്യങ്ങള്‍ക്കായി 15ഓളം രാസവസ്തുക്കള്‍ നിര്‍മിക്കുന്ന കമ്പനിയാണ് യശാശ്വി രസായന്‍. കെമിക്കല്‍ ഫാക്ടറിയായതിനാല്‍ വിഷമയമായ പുക അന്തരീക്ഷത്തിലെത്തുന്നത് ജനങ്ങളെ ഗുരുതരമായി ബാധിച്ചേക്കാം. ഇതിനാല്‍ ഫാക്ടറിക്ക് സമീപമുള്ള രണ്ടു ഗ്രാമങ്ങളിലെ മുഴുവന്‍ ജനങ്ങളെയും മാറ്റി പാര്‍പ്പിച്ചുവെന്നും ജില്ലാ കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മാസം ആന്ധ്രാ പ്രദേശിലെ എല്‍ ജി പോളിമേഴ്‌സിലുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ 11 പേര്‍ മരിക്കുകയും വാതകം ശ്വസിച്ച് അസ്വസ്ഥതയിലായ 200 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

പോളിസ്റ്റിറീന്‍ എന്ന വിഷ വാതകമാണ് വിശാഖപട്ടണത്തെ എല്‍.ജി പോളിമേഴ്‌സില്‍ നിന്നും ചോര്‍ന്നത്.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here