gnn24x7

ജി20 ലോഗോയിൽ താമര; വിമർശിച്ച് കോൺഗ്രസ്, രാജീവിന്റെ അർഥവും താമരയെന്ന് ബിജെപി

0
90
gnn24x7

അടുത്ത വർഷം ഇന്ത്യ ജി20 രാജ്യങ്ങളുടെ അധ്യക്ഷ പദവി വഹിക്കുന്നതിന്റെ ഭാഗമായി പ്രകാശനം ചെയ്ത ലോഗോയിൽ, ബിജെപിയുടെ ചിഹ്നമായ താമരയുടെചിത്രം ഉപയോഗിച്ചതിൽ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. യാതൊരു ലജ്ജയുമില്ലാതെ ബിജെപി സ്വയം പ്രമോട്ട് ചെയ്യുകയാണെന്നു കോൺഗ്രസ് വിമർശിച്ചു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ലോഗോയും പ്രമേയവും വെബ്സൈറ്റും പ്രകാശനം ചെയ്തത്.

എന്നാൽ കമൽനാഥിന്റെ പേരിൽനിന്ന് “കമൽ’ (താമര) എടുത്തുമാറ്റുമോ എന്ന ചോദ്യവുമായാണ് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല വിമർശനങ്ങളോടു പ്രതികരിച്ചത്. “താമര നമ്മുടെ ദേശീയ പുഷ്പമാണ്. മഹാലക്ഷ്മിയുടെ ഇരിപ്പിടവും താമരയാണ്. നമ്മുടെ ദേശീയ പുഷ്പത്തെയാണോ നിങ്ങൾ എതിർക്കുന്നത്? കമൽനാഥിൽനിന്ന് കമൽ എടുത്തുമാറ്റാൻ നിങ്ങൾ തയാറാകുമോ? രാജീവ് എന്ന വാക്കിന്റെ അർഥവും താമരയെന്നാണ്. പ്രത്യേകിച്ച് അജൻഡയൊന്നും നിങ്ങൾ സംശയിക്കുന്നില്ലെന്നു കരുതുന്നു’ പൂനവാല ട്വീറ്റ് ചെയ്തു.

കാവിയും പച്ചയും കലർന്ന നിറത്തിൽ ജി20 എന്നെഴുതിയ ലോഗോയിൽ താമരയിൽ ഭൂമി ഇരിക്കുന്നതു പോലെയാണ് ചിത്രീകരണം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷവേളയിൽ രാജ്യത്തിന് അഭിമാനാർഹമാണ് ജി20 അധ്യക്ഷപദവിയെന്നു മോദി അഭിപ്രായപ്പെട്ടിരുന്നു. അടുത്തയാഴ്ച ബാലിയിൽ നടക്കുന്ന ജി20 ഉച്ചകോടിക്കുശേഷം ഡിസംബറിൽ ഒരു വർഷത്തേക്ക് ഇന്ത്യ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും.

അതേസമയം, 70 വർഷം മുൻപ് കോൺഗ്രസിന്റെ പതാക ദേശീയ പതാകയാക്കാൻ നിർദേശം വന്നപ്പോൾ അതിനെ എതിർത്ത ചരിത്രമാണ് ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റേതെന്നു കോൺഗ്രസ് നേതാവ് ജയറാം രമേശ് ചൂണ്ടിക്കാട്ടി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here