gnn24x7

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമം നടത്തിയെന്ന പരാതിയില്‍ അശോക് ഗെലോട്ടിനും സച്ചിന്‍ പൈലറ്റിനും നോട്ടീസ് അയച്ച് രാജസ്ഥാന്‍ പൊലീസ്

0
239
gnn24x7

ജയ്പുര്‍: സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമം നടത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ടിനും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനും നോട്ടീസ് അയച്ച് രാജസ്ഥാന്‍ പൊലീസ്. പൊലീസ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പാണ് നോട്ടീസ് നല്‍കിയത്. ചീഫ് വിപ്പ് മഹേഷ് ജോഷിയോടും മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എം.എല്‍.എമാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പൊലീസ് രണ്ടുപേര്‍ക്കെതിരെ വെള്ളിയാഴ്ച കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. മൊഴി രേഖപ്പെടുത്താനാണ് നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങള്‍ അറിയിച്ചു.

പന്ത്രണ്ടോളം എം.എല്‍.എമാര്‍ക്കും നോട്ടീസ് നല്‍കുമെന്നാണ് വിവരം. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

24 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് പരാതിയുമായി രംഗത്തെത്തിയത്. എം.എല്‍.എമാരെ സ്വന്തം പാളയത്തിലെത്തിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ടെന്നും ചില ഗൂഢാലോചനകള്‍ നടത്തുന്നുണ്ടെന്നുമാണ് എം.എല്‍.എമാര്‍ ആരോപിച്ചത്.

ബി.ജെ.പി നേതാക്കളുടെ പേര് എടുത്തുപറയാതെയായിരുന്നു കുതിരക്കച്ചവടത്തിനായി ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന ആരോപണം എം.എല്‍.എമാര്‍ ഉന്നയിച്ചത്. എം.എല്‍.എമാരെ തെറ്റിദ്ധരിപ്പിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. പലരേയും ബന്ധപ്പെടുന്നുണ്ട്. പല വിധത്തിലാണ് സ്വാധീനിക്കാനുള്ള ശ്രമം നടക്കുന്നത്. എന്നാല്‍ തങ്ങള്‍ കോണ്‍ഗ്രസിനൊപ്പം അടിയുറച്ചുനില്‍ക്കുമെന്നും സര്‍ക്കാരിനെ താഴെയിറക്കാനുള്ള ബി.ജെ.പിയുടെ ശ്രമം അനുവദിക്കില്ലെന്നുമാണ് 24 എം.എല്‍.എമാര്‍ സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

കഴിഞ്ഞമാസം അവസാനം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായും ബി.ജെ.പി സമാനമായ ശ്രമങ്ങള്‍ നടത്തിയിരുന്നെന്നും രാജസ്ഥാന്‍ സര്‍ക്കാരിനെ ഏത് വിധത്തിലും താഴെയിറക്കാനാണ് അവരുടെ ശ്രമമെന്നും എം.എല്‍.എമാര്‍ ആരോപിച്ചു.

ഇത്തരം ശ്രമങ്ങള്‍ നടത്തുന്നതിനെ ഞങ്ങള്‍ അപലപിക്കുകയാണ്. ഇത്തരം ശക്തികളെ ഇല്ലാതാക്കേണ്ടതുണ്ട്. അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ രാജസ്ഥാനില്‍ അഞ്ച് വര്‍ഷം തികച്ച് ഭരിച്ചിരിക്കും. തങ്ങളുടെ വിശ്വാസ്യത ആര്‍ക്കുമുന്‍പിലും നഷ്ടപ്പെടുത്താന്‍ തയ്യാറല്ലെന്നും എം.എല്‍.എമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

200 അംഗങ്ങളുള്ള അസംബ്ലിയില്‍ കോണ്‍ഗ്രസിന് 107 എം.എല്‍.എമാരാണ് ഉള്ളത്. സ്വതന്ത്ര എം.എല്‍.എമാരുടേയും പിന്തുണ കോണ്‍ഗ്രസിനുണ്ട്.

രാജ്യസഭാ തെരഞ്ഞെടുപ്പ് വേളയില്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതായി ആരോപിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ചീഫ് വിപ്പ് മഹേഷ് ജോഷിയും രംഗത്തെത്തിയിരുന്നു.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here