gnn24x7

കോവിഡിൽ മുടങ്ങിപ്പോയ ബ്രിട്ടനിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റ് പുനരാരംഭിച്ചു

0
279
gnn24x7

ലണ്ടൻ: കോവിഡിൽ മുടങ്ങിപ്പോയ ബ്രിട്ടനിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റ് പുനരാരംഭിച്ചു. നീണ്ട മൂന്നുമാസത്തെ കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ച് കേരളത്തിൽനിന്നും ഇന്നലെ  വീണ്ടും നഴ്സുമാർ യുകെയിൽ എത്തി.  കേരളത്തിൽ നിന്നുള്ള 23 പേർ അടങ്ങിയ നഴ്സുമാരുടെ സംഘമാണ്  ഇന്നലെ വൈകുന്നേരം  ലണ്ടനിലെ ഹിത്രൂവിൽ വിമാനമിറങ്ങിയത്. ഇന്ത്യക്കാർക്ക് ബ്രിട്ടനിൽ നിലവിലുള്ള 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയായാൽ ഉടൻ ഇവർ ജോലിയിൽ പ്രവേശിക്കും. കോവിഡിന്റെ സാഹചര്യത്തിൽ നിർത്തി വച്ചിരുന്ന യുകെ  റിക്രൂട്ട്മെന്റുകൾ വീണ്ടും തുടങ്ങിയത് ബ്രിട്ടനിൽ നഴ്സിങ് ജോലി സ്വപ്നം കണ്ടിരിക്കുന്ന ആയിരക്കണക്കിന് നഴ്സുമാർക്കും റിക്രൂട്ട്മെന്റ് നടപടികൾ പാതിവഴിയിൽ മുടങ്ങിപ്പോയവർക്കും ആശ്വാസമാകും.

ലോക്ക്ഡൗൺ കാരണം മാർച്ച്‌ 22 ന് ഇന്ത്യയിൽ നിന്നുള്ള ഫ്ലൈറ്റ് സർവീസുകൾ റദ്ദാക്കിയതാണ് യുകെ റിക്രൂട്ട്മെന്റുകൾ താത്കാലികമായി നിർത്തിവയ്ക്കാൻ ഏജൻസികളെ നിർബന്ധിതമാക്കിയ പ്രധാനകാരണം. വിസ ലഭിച്ച നഴ്‌സുമാർക്കു പോലും യാത്ര സാധ്യമല്ലാത്ത സാഹചര്യമുണ്ടായി. ഇതിനിടെ 30 ദിവസത്തെ ട്രാവൽ വീസയുടെ കാലാവധി കഴിഞ്ഞത് പലരെയും ആശങ്കയിലാക്കുകയും ചെയ്തിരുന്നു. യുകെയിലേക്കു പോകാൻ ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയവർ പോലും ഇക്കൂട്ടത്തിൽ കുടുങ്ങി.

സംസ്ഥാനത്തെ യുകെ വിസ ഓഫിസുകൾ ഈ ആഴ്ച തുറന്നിരുന്നെങ്കിലും കേരളത്തിലെയും ഇന്ത്യയിലെയും കോവിഡ് രോഗികളുടെ എണ്ണം കൂടുകയും യുകെയിൽ രോഗികളുടെ എണ്ണം കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുകെ നിയത്രണം ഏർപ്പെടുത്തും എന്ന രീതിയിലുള്ള ചില പ്രചാരണങ്ങൾ നഴ്സുമാരെ കൂടുതൽ ആശങ്കയിലാക്കി. .

ഇതിനിടെയാണ് വന്ദേ ഭാരത് ദൗത്യത്തിന്‍റെ ഭാഗ്യമായി യുകെയിലേക്കുള്ള എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ നഴ്സുമാർ യുകെയിൽ എത്താൻ സാഹചര്യം ഒരുങ്ങിയത്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽനിന്ന് ഡൽഹിയിലെത്തിയശേഷമാണ് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ 23 പേരുടെ സംഘം ലണ്ടൻ ഹീത്രോ എയർപോർട്ടിൽ ഇറങ്ങിയത്.

മലയാളിയുടെ ഉടമസ്ഥതയിൽ യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻവെർട്ടിസ് കൺസൾട്ടൻസി എന്ന റിക്രൂട്ട്മെന്റ് കമ്പനിയാണ് ഇത്തരത്തിൽ നഴ്സുമാരെ യുകെയിലെത്തിച്ചത്. പലരുടെയും ട്രാവൽ വിസാ കാലാവധി അവസാനിച്ചിരുന്നുവെങ്കിലും യുകെ ഹോം ഓഫിസിൽ നിന്നും വീസാ വേവർ ഉത്തരവ് സമ്പാദിച്ച്, എയർ ഇന്ത്യയിൽ നിന്നും ഹീത്രൂ എമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിൽനിന്നും പ്രത്യേകം അനുവാദം വാങ്ങിയാണ് ഇവർ നഴ്സുമാർക്ക് യാത്രാസൗകര്യം ഒരുക്കിയത്. ഷെഫീൽഡ് ടീച്ചിങ് ഹോസ്പിറ്റൽ , റോതെർഹാം ജനറൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിലേക്കാണ് ഇവരെ റിക്രൂട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യയിൽ നിന്നുള്ള സാധാരണ വിമാന സർവീസുകൾ എന്നു തുടങ്ങും എന്നറിയില്ലെങ്കിലും വരും ദിവങ്ങളിൽ ഇത്തരത്തിൽ കൂടുതൽ നഴ്സുമാരെ കൊണ്ടുവരാൻ ആകുമെന്നാണ് എൻവെർട്ടിസ് കൺസൾട്ടൻസി കരുതുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here