gnn24x7

കര്‍ഷക ബിൽ; മോദി രാജ്യത്തെ കര്‍ഷകരെ മുതലാളിമാരുടെ അടിമകളാക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

0
143
gnn24x7

ന്യൂദല്‍ഹി: കര്‍ഷക വിരുദ്ധ ബില്ലിലൂടെ മോദി രാജ്യത്തെ കര്‍ഷകരെ മുതലാളിമാരുടെ അടിമകളാക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

മോദി സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ ‘കരിനിയമ’ത്തിന് കീഴിലാണ് കര്‍ഷകരെന്നും രാഹുല്‍ പറഞ്ഞു.

കര്‍ഷകരെ മുതലാളിമാരുടെ അടിമകളാക്കാനുള്ള മോദിയുടെ ശ്രമത്തെ രാജ്യം ഒരിക്കലും വിജയിക്കാന്‍ അനുവദിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം, കനത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ബില്‍ രാജ്യസഭയും പാസാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ലോക്സഭയില്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകബില്‍ അവതരിപ്പിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക ബില്ലുകള്‍ക്കെതിരെ പഞ്ചാബ്, ഹരിയാന, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് മൂന്നു ബില്ലുകളാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. 2020ല്‍ പുറത്തിറക്കിയ ദി ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്സ് ബില്‍, ദി ഫാര്‍മേഴ്സ് എഗ്രിമെന്റ് ഓഫ് പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വിസ് ബില്‍ എന്നിവയാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

കേന്ദ്ര കര്‍ഷക ബില്ലുമായി ബന്ധപ്പെട്ട പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചത് വാര്‍ത്തയായിരുന്നു. എന്‍.ഡി.എ സഖ്യകക്ഷിയായി ശിരോമണി അകാലിദള്‍ അംഗമായ ഹര്‍സിമ്രത് കൗര്‍ 2014 മുതല്‍ മോദി സര്‍ക്കാരിന്റെ ഭക്ഷ്യവിതരണ വകുപ്പ് മന്ത്രിയായിരുന്നു. കര്‍ഷക ബില്ലിന്റെ വോട്ടിംഗ് ലോക്സഭയില്‍ നടക്കാനിരിക്കെ മന്ത്രി രാജിവെച്ചത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

കര്‍ഷകബില്ലുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധസമരങ്ങളാണ് പഞ്ചാബിലും ഹരിയാനയിലും ആഴ്ചകളായി നടന്നുവരുന്നത്. കേന്ദ്ര സര്‍ക്കാരിനെ പിന്തുണക്കുമെന്നും എന്നാല്‍ കര്‍ഷക വിരുദ്ധ ബില്ലിനെ എതിര്‍ക്കുമെന്നും ശിരോമണി അകാലിദള്‍ പാര്‍ട്ടി അധ്യക്ഷനായ സുഖ്ബീര്‍ ബാദല്‍ അറിയിച്ചിരുന്നു.

കാര്‍ഷിക ബില്ലിനെ ആദ്യം പിന്തുണച്ച അകാലിദള്‍ പഞ്ചാബില്‍ ബില്ലിനെതിരെ സമരം ശക്തമായ പശ്ചാത്തലത്തില്‍ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതുവരെ ബില്ലുമായി മുന്നോട്ടുപോകരുതെന്ന് ബി.ജെ.പിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ബില്ലുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ബില്ലിനെതിരെ വോട്ട് ചെയ്യാന്‍ അകാലിദള്‍ തീരുമാനിക്കുകയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here