gnn24x7

സംസാരിക്കാൻ അവസരം ലഭിച്ചില്ല; NCP സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയി അജിത് പവാർ

0
240
gnn24x7

ന്യൂഡൽഹി: എൻസിപി ദേശീയ സമ്മേളനത്തിൽ നിന്ന് മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അജിത് പവാർ ഇറങ്ങിപ്പോയതിനെ ചൊല്ലി അഭ്യൂഹങ്ങൾ ഉയരുന്നു. സമ്മേളനത്തിൽ സംസാരിക്കാതെ സ്റ്റേജിൽ നിന്നിറങ്ങിപ്പോയതാണ് ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്.

സംസാരിക്കാൻ എൻസിപി നേതാവ് ജയന്ത് പാട്ടീലിന് അവസരം നൽകിയതിന് പിന്നാലെയാണ് സ്റ്റേജിൽ നിന്ന് അജിത്ത് പവാർ ഇറങ്ങിപ്പോയത്. സംസാരിക്കാൻ അവസരം നൽകാത്തതിൽ അസംതൃപ്തി പ്രകടിപ്പിച്ചാണ് അജിത്ത് പവാർ ഇറങ്ങിപ്പോയതെന്നും പാർട്ടിയിൽ ഭിന്നിപ്പുണ്ടെന്ന സൂചനകളാണ് ഇതെന്നുമാണ് അഭ്യൂഹങ്ങൾ.

പിന്നീട് സംസാരിക്കാനായി അജിത്ത് പവാറിന്റെ പേര് വിളിച്ചിരുന്നെങ്കിലും അദ്ദേഹം വേദിയിലുണ്ടായിരുന്നില്ല. തുടർന്ന് അദ്ദേഹം പുറത്തേക്ക് പോയതാണെന്നും ഉടൻതിരിച്ചുവരുമെന്നും നേതാവ് പ്രഫുൽ പട്ടേൽ പറഞ്ഞു. അതിനിടെസംസാരിക്കാനായി അജിത്ത് പവാറിനെ എൻസിപി എംപി സുപ്രിയ സുലേ അനുനയിപ്പിച്ച് വേദിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും ശരത് പവാർ സമ്മേളനത്തിന്റെ അവസാന പ്രസംഗം നടത്തിത്തുടങ്ങിയിരുന്നു. പിന്നീടും അജിത്ത് പവാറിന് സംസാരിക്കാൻ അവസരം ലഭിച്ചില്ല.

അതേസമയം ദേശീയതലത്തിലുള്ള സമ്മേളനം ആയതിനാലാണ് അജിത്ത് പവാർ സംസാരിക്കാതെപോയതെന്നാണ് സംഭവത്തെ കുറിച്ച് പിന്നീട് മറ്റൊരു നേതാവ് വിശദീകരിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here