gnn24x7

ട്വിറ്റർ പാപ്പരാകുമെന്ന് മസ്കിന്റെ മുന്നറിയിപ്പ്

0
235
gnn24x7

ട്വിറ്റർ പാപ്പരത്വത്തിലേക്കു നീങ്ങുമെന്ന് മുന്നറിയിപ്പു നൽകി പുതിയ മേധാവി ഇലോൺ മസ്ക്. ഭാവി നേതാക്കൾ എന്ന് കരുതിയിരുന്ന മുതിർന്ന ഉദ്യോഗസ്ഥർ അപ്രതീക്ഷിതമായി രാജിവച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം അറിയിച്ചു. 44 ബില്യൻ ഡോളറിന് മസ്ക് ട്വിറ്റർ വാങ്ങി ആഴ്ചകൾ പിന്നിടുമ്പോഴാണ് അപകടകരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സ്ഥാപനം കൂപ്പുകുത്തുന്നത്.

കടക്കെണി ഒഴിവാക്കാനാകില്ലെന്ന് മസ്ക് തന്റെ ജീവനക്കാരെ അറിയിച്ചതായാണ് ബ്ലൂംബർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തത്. മസ്ക് ഏറ്റെടുത്തതിനു പിന്നാലെ 50 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. അതിനു പിന്നാലെ മുതിർന്ന ഉദ്യോഗസ്ഥരും രാജിവച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. മുതിർന്ന ഉദ്യോഗസ്ഥരായ യോയെൽ റോത്ത്, റോബിൻ വീലർ എന്നിവർ രാജിവച്ചിരുന്നു. തുടർന്ന് വ്യാഴാഴ്ച ട്വിറ്ററിന്റെ ചീഫ് സെക്യൂരിറ്റി ഓഫിസറായ ലിയ കിസറും രാജിവച്ചു. ചീഫ് പ്രൈവസി ഓഫിസർ ഡാമിയൻ കിയേരൻ ചീഫ് കംപ്ലയൻസ് ഓഫിസർ മരിയാനെ ഫൊഗാർട്ടി എന്നിവരും രാജിവച്ചതായി റിപ്പോർട്ടുകളുണ്ട്.

പ്രവസി, കംപ്ലയൻസ് ഓഫിസർമാർ രാജിവച്ചത് വളരെ ആശങ്കയോടെയാണ് കാണുന്നതെന്ന് യുഎസ് ഫെഡറൽ ട്രേഡ് കമ്മിഷൻ അറിയിച്ചു. വ്യാഴാഴ്ച ട്വിറ്ററിലെ എല്ലാ ജീവനക്കാരുമായി മസ്ക് ആദ്യമായി നടത്തിയ കൂടിക്കാഴ്ചയിൽ കമ്പനി വൻ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അടുത്തവർഷത്തേക്ക് കോടിക്കണക്കിനു ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നും അറിയിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.മസ്ക് ഏറ്റെടുത്തതിന് ശേഷം ട്വിറ്ററിന്റെ പരസ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കൈകാര്യം ചെയ്തത് വീലറായിരുന്നു.

മസ്ക്ഏറ്റെടുക്കുന്നതിന് മുമ്പുള്ളതിനേക്കാൾ സെർച്ച് ഫലങ്ങളിലെ 95% ഹാനികരമായ ഉള്ളടക്കം കുറച്ചതായി ട്വിറ്ററിന്റെ സുരക്ഷാ തലവനായ റോത്ത് പറഞ്ഞു.ഒക്ടോബർ 27ന് ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെ മസ്ക് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. താൻ സ്ഥാപനം ഏറ്റെടുത്തതിനുപിന്നാലെ പരസ്യദാതാക്കൾ പലായനം ചെയ്തെന്നും ഒരു ദിവസം നാലു മില്യൺ ഡോളറിലധികം നഷ്ടമുണ്ടാകുന്നുണ്ടെന്നാണ് അന്നു പറഞ്ഞത്.

കൂട്ടപ്പിരിച്ചുവിടലിനു പിന്നാലെ ബ്ലൂ ടിക്ക് ലഭിക്കാൻ ഉപയോക്താക്കൾ മാസം എട്ടു ഡോളർ നൽകണമെന്നും മസ്ക് അറിയിച്ചിരുന്നു. ഇതിനു പിന്നാലെ വർക് ഫം ഹോമും മസ്ക് അവസാനിപ്പിച്ചു. പ്രയാസകരമായസമയം വരികയാണെന്നുവ്യക്തമാക്കികൊണ്ട് മസ്ക് ജീവനക്കാർക്ക് അയച്ച മെയിലിലാണ് ഇക്കാര്യം അറിയിച്ചത്. പരസ്യവരുമാനത്തിലെ കുറവ് ട്വിറ്ററിനെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കിയെന്നും മസ്ക് അറിയിച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here