gnn24x7

കോവിഡ് വ്യാപനം: ചൈനയെ പ്രതിക്കൂട്ടിലാക്കി ലോകാരോഗ്യ സംഘടനാ റിപ്പോർട്ട്‌

0
193
gnn24x7

ന്യൂയോർക്ക്: കോവിഡിന്റെ ഉദ്ഭവം, വ്യാപനം എന്നിവ അന്വേഷിക്കുന്ന ലോകാരോഗ്യസംഘടനാ സമിതിയുടെ ആദ്യ റിപ്പോർട്ട് പുറത്തിറങ്ങി. കോവിഡ് മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു പകരാനാണു സാധ്യതയെന്ന മുൻകണ്ടെത്തൽ സമിതി ആവർത്തിച്ചു. ഇതു സ്ഥിരീകരിക്കാൻ കൂടുതൽ വിവരങ്ങൾ വേണമെന്നും റിപ്പോർട്ട് പറയുന്നു.

കോവിഡിനു കാരണമായ വൈറസിനോട് അടുത്ത ജനിതക സാമ്യമുള്ള വൈറസിനെ ചൈന, ലാവോസ് എന്നിവിടങ്ങളിൽ ചില വവ്വാലുകളിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇവ പരിണമിച്ച് മനുഷ്യരിലേക്ക് എത്തിയത് എങ്ങനെയെന്നതിനു മതിയായ തെളിവുകൾ ലഭിച്ചിട്ടില്ല. കോവിഡിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലെ മാർക്കറ്റിൽ വിപണനം ചെയ്ത മൃഗങ്ങളുടേതടക്കം കൂടുതൽ വിവരങ്ങൾ സമിതി ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചൈനീസ് ഗവേഷകർ നൽകിയ വിവരങ്ങൾ അപര്യാപ്തമാണെന്നു സമിതി വിലയിരുത്തി.27 പേരുള്ള സമിതിയിൽ ഐസിഎംആർ മുൻ ശാസ്ത്രജ്ഞൻ ഡോ. രമൺ ആർ.ഗംഗാഖേദ്കരും അംഗമാണ്. പ്രസിദ്ധീകരിച്ച ഗവേഷണഫലങ്ങൾ മാത്രമാണു സമിതി പരിഗണിച്ചത്.

വുഹാനിലെ ബയോലാബിൽ നിന്നു കൊറോണ വൈറസ് ചോർന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയില്ലെന്നു സമിതി വ്യക്തമാക്കി. എന്നാൽ ഇതിനെ ചൈന, റഷ്യ, ബ്രസീൽ എന്നിവിടങ്ങളിലെ 3 അംഗങ്ങൾ എതിർത്തു. കഴിഞ്ഞ വർഷം മാർച്ചിൽ ലോകാരോഗ്യ സംഘടനയും ചൈനയും നേതൃത്വം നൽകിയ പ്രത്യേക പഠനസംഘം വൈറസ് ചോർന്നതാണെന്ന വാദം തള്ളിയിരുന്നു. ഇതു വിവാദമായതിനെ തുടർന്നാണ് പുതിയ സമിതിക്ക് ഡബ്ല്യുഎച്ച്ഒ രൂപം നൽകിയത്. ചൈന ഇന്നലെ റിപ്പോർട്ടിനെതിരെ രംഗത്തുവന്നു. ലാബ് ചോർച്ച സിദ്ധാന്തം ചൈനാ വിരുദ്ധ ശക്തികളുടെ സൃഷ്ടിയാണെന്ന് വിദേശകാര്യമന്ത്രി ഷാവോ ലിജിയൻ ആരോപിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here