gnn24x7

ഗാസയിൽനിന്ന് റോക്കറ്റാക്രമണം ; ഇസ്രയേലിനെതിരെ സൈനിക നീക്കം പ്രഖ്യാപിച്ച് ഹമാസ്

0
118
gnn24x7

ഇസ്രയേലിനുനേരെയുള്ള ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരിക്കുണ്ട്. ഗാസയിൽനിന്ന് ഹമാസ് പ്രവർത്തകർ ഇസ്രയേലിന്റെ ഭൂപ്രദേശത്തേക്ക് നുഴഞ്ഞുകയറിയതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐ.ഡി.എഫ്.) അറിയിച്ചു. റോക്കറ്റാക്രമണത്തിന്റെ ഉത്തരവാദിത്തം പലസ്തീനിയൻ സായുധവിഭാഗമായ ഹമാസ് ഏറ്റെടുത്തു.

അൽ അഖ്സ സ്റ്റോം എന്ന് പേരിട്ടിരിക്കുന്ന ഓപ്പറേഷൻ വഴി ശത്രുക്കളുടെ താവളങ്ങളേയും വിമാനത്താവളങ്ങളേയും സൈനിക കേന്ദ്രങ്ങളേയുമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് ഹമാസ് കമാൻഡർ മുഹമ്മദ് അൽ ഡെയ്ഫ് റിക്കോർഡ് ചെയ്ത ശബ്ദസന്ദേശത്തിൽ അറിയിച്ചു. അതേസമയം, ഗാസ മുനമ്പിന് സമീപം താമസിക്കുന്ന ഇസ്രയേൽ പൗരന്മാരോട് വീടുകളിൽ കഴിയാൻ ഐ.ഡി.എഫ്. നിർദേശിച്ചു.

തങ്ങൾ യുദ്ധസന്നദ്ധതയ്ക്കുള്ള അവസ്ഥയിലാണെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ആക്രമണത്തിന് പിന്നിലുള്ള ഹമാസ് അനന്തരഫലങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമെന്നും ആക്രമണങ്ങളെത്തുടർന്നുള്ള സംഭവങ്ങൾക്ക് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്നും ഇസ്രയേൽ സൈന്യം കൂട്ടിച്ചേർത്തു. പിന്നീട്, ഹമാസിനെതിരെ തങ്ങൾ തിരിച്ചടി ആരംഭിച്ചതായി അവർ വ്യക്തമാക്കി. ഹമാസ് പ്രവർത്തകർ ഇസ്രയേലി സൈനികരെ ബന്ധികളാക്കി ഗാസയിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹമാസ് തലവൻ ഇസ്മായിൽ ഹനിഹ ഓപ്പറേഷന്റെ വിജയം ആഘോഷിക്കുന്നുവെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 5,000-ലേറെ റോക്കറ്റുകളാണ് ഇസ്രയേലിനുനേരെ തൊടുത്തുവിട്ടതെന്ന് നേരത്തെ മുഹമ്മദ് അൽ ഡെയ്ഫിന്റെ ശബ്ദസന്ദേശത്തിലുണ്ടായിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

gnn24x7