വുഹാന്‍: ചൈനയില്‍ കൊറോണ വൈറസ് ഭീകരമാംവിധം വ്യാപിക്കുകയാണ്.
ഇതുവരെ കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 56 ആയി ഉയര്‍ന്നതായി ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചു. അതേസമയം, 2000ല്‍ അധികം ആളുകള്‍ക്ക് വൈറസ് ബാധിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.
ഗുരുതരമായ സാഹചര്യമാണ് നില നിൽക്കുന്നതെന്ന് പ്രസിഡൻറ് ഷീ ജി൦ഗ് പി൦ഗ് പറഞ്ഞു.
ശരീരസ്പര്‍ശനം ഒഴിവാക്കണമെന്ന കര്‍ശനനിര്‍ദ്ദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. ഹസ്തദാനം നല്‍കുന്നത്പോലും ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.
323 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഹുബൈയില്‍ ഇതുവരെ 52 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. ഷാന്‍ഹായില്‍ ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം ചൈനയില്‍ 2000ല്‍ അധികം പേര്‍ക്ക് വൈറസ് ബാധിച്ചെന്നാണ് ഔദ്യോഗിക കണക്ക്. അനൗദ്യോഗിക കണക്കു പ്രകാരം രോഗബാധയുള്ളവരുടെ എണ്ണം ഇതിലും വളരെയേറെയാണ് എന്നാണ് സൂചന.
നിയമവിരുദ്ധമായി വന്യമൃഗങ്ങളെയും സമുദ്ര ഭക്ഷ്യഉത്പന്നങ്ങളും വിൽക്കുന്ന മധ്യ ചൈനീസ് നഗരമായ വുഹാനിലെ ഒരു സമുദ്രവിപണിയിൽ നിന്നാണ് കഴിഞ്ഞ വർഷം അവസാനത്തോടെ കൊറോണ വൈറസ് ഉണ്ടായതെന്ന് കരുതപ്പെടുന്നു. പിന്നീട് ഈ വൈറസ് ചൈനീസ് നഗരങ്ങളായ ബീജിംഗ്, ഷാങ്ഹായ് എന്നിവിടങ്ങളിലേക്കും ഒപ്പം അമേരിക്ക, തായ്ലാന്‍ഡ്, ദക്ഷിണ കൊറിയ, ജപ്പാൻ, ഓസ്‌ട്രേലിയ, ഫ്രാൻസ്, കാനഡ എന്നിവിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. വുഹാൻ പ്രവശ്യയുടെ തലസ്ഥാനമായ ഹുബിയിലാണ് വൈറസ് ബാധ കൂടുതൽ പ്രശ്നം സൃഷ്ടിക്കുന്നത്
അതേസമയം, ചൈനയിലെ 26 പ്രവിശ്യകളില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. 5.6 കോടി ജനങ്ങളുടെ യാത്രകള്‍ വിലക്കിക്കൊണ്ടു 18 നഗരങ്ങളില്‍ നിയന്ത്രണം പ്രഖ്യാപിച്ചു. ഹോങ്കോംഗില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വിദ്യാലയങ്ങള്‍ക്ക് രണ്ടാഴ്ചകൂടി അവധി നല്‍കുകയും ചെയ്തിരിക്കുകയാണ്.
യൂറോപ്പിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ, ചൈനയ്ക്കു പുറത്തു 12 രാജ്യങ്ങളിലാണ് ഇപ്പോള്‍ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.