gnn24x7

സ്ഥാനാർത്ഥികൾ വീട്ടിനുള്ളിൽ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം

0
482
gnn24x7

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ വീട്ടിനുള്ളിൽ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം. ഒരു ബൂത്തിൽ ഒരേസമയം മൂന്ന് വോട്ടർമാരെയേ പ്രവേശിപ്പിക്കാവൂവെന്നും കമ്മീഷൻ നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുന്നതിന് മുന്നോടിയായി ഈ ആഴ്ച ഡിജിപിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ച നടത്തും.

കോവിഡ് കാലത്ത് വോട്ടർമാരെ കാണാൻ സ്ഥാനാർത്ഥികൾ ഏറെ ബുദ്ധിമുട്ടും. ഭവനസന്ദർശനമെന്ന് പറഞ്ഞ് ഇനി വീടുകളിൽ കയറി വോട്ട് ചോദിക്കാൻ കഴിയില്ല. പുറത്ത് നിന്ന് അകലം പാലിച്ച് വോട്ടഭ്യർത്ഥിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. സ്ഥാനാർത്ഥികൾക്ക് മാത്രമല്ല. പ്രവർത്തകർക്കും ഇതാണ് ചട്ടം. അഭ്യർത്ഥനയും വോട്ടർ സ്ലിപ്പും ഉൾപ്പടെ പുറത്ത് വച്ചിട്ട് പോയാൽ മതി. രാഷ്ട്രീയപാർട്ടികൾക്ക് നൽകിയ കരട് നിർദ്ദേശത്തിലാണ് ഈ നിബന്ധനകൾ.

പൊതുപ്രചാരണപരിപാടികളാവാം, പക്ഷെ അഞ്ച് പേരിൽ കൂടരുത്. നിയന്ത്രണങ്ങളോടെ പൊതുയോഗങ്ങൾ നടത്താം. പഴയത് പോലെ സ്ഥാനാർത്ഥിയെ മാലയിട്ട് സ്വീകരിക്കാൻ കഴിയില്ല.. പ്രചാരണത്തിന് സോഷ്യൽ മീഡിയ കൂടുതലായി ഉപയോഗിക്കണം. പത്രികാ സമർപ്പണസമയത്ത് അണികളുടെ തള്ള് പാടില്ല. സ്ഥാനാർത്ഥിയുൾപ്പടെ രണ്ട് പേർ മാത്രമേ പാടൂള്ളു. പോളിംഗ് ബൂത്തിലും ചില നിർദ്ദേശങ്ങളുണ്ട്. ബൂത്തിൽ നാല് വോട്ടർമാർവരെ ഒരേ സമയം കയറാമെന്നത് മൂന്നായി ചുരുക്കി. ഏജന്റുമാരായി ബൂത്തിൽ ആകെ 10 പേർമാത്രമേ പാടുള്ളൂ എന്നതുൾപ്പടെയുള്ള നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.

പോളിംഗ് ബൂത്തുകളിൽ സാനിറ്റൈസർ ഉൾപ്പടെ ഒരുക്കുന്നതിന് അഞ്ച് കോടി അധികമായി കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംവരണവാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് തിങ്കളാഴ്ച തുടങ്ങും. തെരഞ്ഞെടുപ്പ് കുറച്ച് ദിവസം നീട്ടി വയ്ക്കണമെന്ന സർക്കാരിന്റെ നിർദ്ദേശം കമ്മീഷൻ ഈ ആഴ്ച പരിഗണിക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here