gnn24x7

കേരള സാഹിത്യ അക്കാദമിയുടെ 2021-ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

0
262
gnn24x7

തൃശൂർ: കേരള സാഹിത്യ അക്കാദമിയുടെ 2021-ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്കാരം ആർ. രാജശ്രീയും വിനോയ് തോമസും പങ്കിട്ടു. കവിതയ്ക്കുള്ള പുരസ്കാരം അൻവർ അലിയും ചെറുകഥയ്ക്കുള്ള പുരസ്കാരം ദേവദാസ് വി.എമ്മും നേടി. മുതിർന്ന എഴുത്തുകാരായ വൈശാഖൻ, പ്രൊഫ. കെ.പി ശങ്കരൻ എന്നിവർക്ക് അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചു.

‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത’ എന്ന നോവലാണ് ആർ. രാജശ്രീയെ പുരസ്കാരത്തിനർഹയാക്കിയത്. പുറ്റ് എന്ന നോവലിനാണ് വിനോയ്തോമസിന് പുരസ്കാരം. മെഹബൂബ് എക്സ്പ്രസ് എന്ന കവിതയ്ക്ക് അൻവർ അലിയും വഴി കണ്ടുപിടിക്കുന്നവർ എന്ന കഥയ്ക്ക് ദേവദാസ് വി.എമ്മും പുരസ്കാരത്തിന് അർഹരായി.

നാടകം- പ്രദീപ് മണ്ടൂർ, സാഹിത്യ വിമർശനം- എൻ. അജയകുമാർ, വൈജ്ഞാനിക സാഹിത്യം- ഡോ. ഗോപകുമാർ ചോലയിൽ, ആത്മകഥ പ്രൊ. ടി.ജെ ജോസഫ്, എം. കുഞ്ഞാമൻ, യാത്രാവിവരണം- വേണു, വിവർത്തനം- അയ്മനം ജോൺ, ബാലസാഹിത്യം- രഘുനാഥ് പാലേരി, ഹാസ സാഹിത്യം- ആൻ പാലി എന്നിവയാണ് മറ്റ് പുരസ്കാരങ്ങൾ. ഇരുപത്തയ്യായിരം രൂപയും ഫലകവും സാക്ഷ്യപത്രവും ഉൾകൊള്ളുന്നതാണ് പുരസ്കാരം. വിശിഷ്ടാംഗത്വത്തിന് അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വർണ്ണപ്പതക്കവും പ്രശസ്തി പത്രവും പൊന്നാടയും ഫലകവുമാണ് പുരസ്കാരം.

സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് ഡോ. കെ. ജയകുമാർ, കടത്തനാട്ട് നാരായണൻ, ജാനമ്മ കുഞ്ഞുണ്ണി, കവിയൂർ രാജഗോപാലൻ, ഗീത കൃഷ്ണൻകുട്ടി, കെ.എ ജയശീലൻ എന്നിവരും അർഹരായി. 30,000 രൂപയും സാക്ഷ്യപത്രവും ഫലകവും പൊന്നാടയുമാണ് പുരസ്കാരം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here