gnn24x7

സ്വര്‍ണ്ണകള്ളക്കടത്ത്‌ കേസ്; എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍

0
169
gnn24x7

തിരുവനന്തപുരം: സ്വര്‍ണ്ണകള്ളക്കടത്തുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍. ഫേസ്ബുക്കിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം.

സത്യമേ ജയിക്കൂ, സത്യം മാത്രം, ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല എന്നായിരുന്നു കെ.ടി ജലീലിന്റെ പ്രതികരണം. ഇ.ഡിയുടെ ചോദ്യം ചെയ്യലിനെ തുടര്‍ന്ന് മന്ത്രി രാജി വെയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യമുന്നയിക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.

ഇന്ന് വൈകൂന്നേരത്തോടെയാണ്. എന്‍ഫോഴ്സ്മെന്റ് മേധാവി മന്ത്രിയെ ചോദ്യം ചെയ്തതായി വെളിപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് ചോദ്യം ചെയ്തതെന്നാണ് എന്‍ഫോഴ്സ്മെന്റ് മേധാവി സ്ഥിരീകരിച്ചത്. കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഓഫിസിലായിരുന്നു ചോദ്യം ചെയ്യല്‍.

നയതന്ത്ര മന്ത്രാലയം ബാഗേജുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍ എന്നാണ് വിവരം. യു.എ.ഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങള്‍ സംസ്ഥാനത്തേക്ക് എത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രിയെ ചോദ്യം ചെയ്യുന്നതിന് കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും തീരുമാനിച്ചത്.

പ്രാഥമികമായ ചോദ്യം ചെയ്യലാണ് നിലവില്‍ നടന്നതെന്നാണ് വിവരം. നേരത്തെ സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായുള്ള പരിചയം ആരോപണത്തിന് ഇടയാക്കിയിരുന്നു.

ദുബായ് കോണ്‍സുലേറ്റ് വഴിയെത്തിയ മതഗ്രസ്ഥങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തില്‍ വിതരണം ചെയ്തുവെന്ന് മന്ത്രി കെ.ടി.ജലീല്‍ വെളിപ്പെടുത്തിയിരുന്നു.

സി-ആപ്റ്റില്‍ നിന്നും ചില പാഴ്സലുകള്‍ പുറത്തേക്ക് പോയതിലെ ദുരൂഹത തേടി കസ്റ്റംസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ വിശദീകരണം.

ഈ വര്‍ഷം മാര്‍ച്ച് നാലിന് കസ്റ്റംസ് കാര്‍ഗോയില്‍ നിന്നും പുറത്തേക്ക് പോയ നയന്ത്രബാഗിലാണ് മതഗ്രന്ഥങ്ങള്‍ എത്തിയത്. 4479 കിലോ ഭാരമുള്ള ബാഗാണ് നയന്ത്രപാഴ്സലായി എത്തിയിരിക്കുന്നത്. മതഗ്രന്ഥത്തിന് പുറമേ മറ്റേതെങ്കിലും സാധനങ്ങള്‍ കൂടി ബാഗില്‍ ഉണ്ടായിരുന്നോ എന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.

എന്നാല്‍കഴിഞ്ഞ രണ്ടു വര്‍ഷമായി കോണ്‍സുലേറ്റില്‍ നിന്നും നയതന്ത്ര ബാഗുകളെ കുറിച്ചുള്ള ഒരു റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ലെന്നാണ് പൊതുഭരണവകുപ്പിന്റെ വിശദീകരണം.

ഇതിന് പിന്നാലെ നയതന്ത്ര ബാഗേജില്‍ ആകെ എത്ര ഖുര്‍ ആന്‍ വന്നുവെന്ന് കണക്കെടുക്കാനായി ഖുര്‍ ആന്‍ സാമ്പിള്‍ വരുത്തി കസ്റ്റംസ് തൂക്കം പരിശോധിച്ചിരുന്നു.

ഒരു ഖുര്‍ ആന്‍ 567 ഗ്രാമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. വിശുദ്ധ ഖുര്‍ ആന്‍ എന്ന് പേരെഴുതി ആകെ 250 പാക്കറ്റുകളാണ് യു.എ.ഇ എംബസി വഴി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്.

അതേസമയം കഴിഞ്ഞ ദിവസം സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. സ്വപ്ന സുരേഷിന് വിസ സ്റ്റാമ്പിങ്ങ് കമമീഷന്‍ നല്‍കിയ കമ്പനികളിലൊന്നില്‍ ബിനീഷിന് മുതല്‍മുടക്കുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ബിനീഷിനെ ചോദ്യം ചെയ്തത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here