gnn24x7

ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

0
169
gnn24x7

തിരുവന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ലണ്ടന്‍ ഗാഡിയന്‍ എന്ന ഓണ്‍ലൈന്‍ മാധ്യമം റോക്ക് സ്റ്റാര്‍ എന്ന് ആരോഗ്യമന്ത്രിയെ വിശേഷിപ്പിച്ചതിനര്‍ത്ഥം റോക്ക് ഡാന്‍സര്‍ എന്നാണെന്ന് മുല്ലപ്പള്ളി.

കൊവിഡ് റാണിയെന്ന് ആരോഗ്യമന്ത്രിയെ വിശേഷിപ്പിച്ച നടപടിയില്‍ മാധ്യമങ്ങള്‍ക്ക് വിശദീകരണം നല്‍കുകയായിരുന്നു മുല്ലപ്പള്ളി.

‘ലണ്ടന്‍ ഗാര്‍ഡിയന്‍ പറഞ്ഞത് ‘ The coronavirus slayer! How Kerala’s rock star health minister helped save it from Covid-19’ എന്നാണ്. മനസ്സിലാക്കണം കേരളത്തിലെ റോക്ക്‌സ്റ്റാറാണെന്നാണ് പറഞ്ഞിരിക്കുന്നത്. കേരളത്തിലെ ആധുനിക നൃത്ത സംവിധാനത്തെക്കുറിച്ചെനിക്കറിയില്ല. റോക്ക് ഡാന്‍സറായിട്ടാണ് പറഞ്ഞിരിക്കുന്നത്. കേരളത്തിലെ റോക്ക് ഡാന്‍സറായിട്ടുള്ള മന്ത്രി കൊവിഡ് മഹാമാരിയില്‍ നിന്നും രക്ഷിച്ചുവെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതുപോലെ 42 ജേണലുകളില്‍ ഇത് കൊടുത്തിട്ടുണ്ട്,’ മുല്ലപ്പള്ളി പറഞ്ഞു.

കൊവിഡ് പ്രതിരോധ രംഗത്ത് സര്‍ക്കാരിന് വിജയിക്കാന്‍ സാധിച്ചില്ലെന്നും താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.

താന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യസന്ധമാണ്. ആര്‍ക്കും അത് നിഷേധിക്കാന്‍ സാധിക്കില്ല. ഞാന്‍ ഒരാളെക്കുറിച്ചും ഒരു പരാമര്‍ശവും നടത്തുന്ന ആളല്ല. പ്രത്യേകിച്ച് സ്ത്രീകളെ കുറിച്ച് താന്‍ മോശമായി സംസാരിക്കാറില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം രാജകുമാരിയെന്നും റാണിയെന്നും പറഞ്ഞതില്‍ എന്താണ് തെറ്റെന്നും മുല്ലപ്പള്ളി ചോദിച്ചു. ‘ഞാന്‍ പറഞ്ഞത് ആവര്‍ത്തിക്കുന്നു. പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു’ എന്നും മുല്ലപ്പള്ളി പറഞ്ഞു.

റോക്ക് സ്റ്റാര്‍ എന്നതുകൊണ്ട് ഉദ്ദേശിച്ചത് ചടുല നീക്കങ്ങള്‍ എന്നാണെന്ന തിരുത്തിയ മാധ്യമപ്രവര്‍ത്തകനോടും അക്രോശിച്ച് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. റോക്ക് ഡാന്‍സര്‍ എന്ന വാക്കിന്റെ അര്‍ത്ഥം ചടുലനീക്കങ്ങള്‍ എന്നാണോ എന്നായിരുന്നു മുല്ലപ്പള്ളി ചോദിച്ചത്. അങ്ങനെയെങ്കില്‍ ഞാന്‍ രാജകുമാരിയെന്നും റാണിയെന്നും പറഞ്ഞതില്‍ എന്താണ് തെറ്റ് എന്ന് മുല്ലപ്പള്ളി ചോദിച്ചു.

ആരോഗ്യമന്ത്രി കൊവിഡ് പ്രതിരോധത്തില്‍ ശ്ലാഘനീയമായ പ്രവര്‍ത്തനമാണ് നടത്തിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.



gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here