gnn24x7

2002ലെ എസ് എസ് എൽ സി ചോദ്യപേപ്പർ അഴിമതിക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് സി ബി ഐ കോടതി

0
95
gnn24x7

തിരുവനന്തപുരം: 2002ലെ എസ്.എസ്.എൽ.സി ചോദ്യപേപ്പർ അഴിമതിക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് തിരുവനന്തപുരം സിബിഐ കോടതി. ഒരു കോടി 33 ലക്ഷം രൂപയുടെ അഴിമതി നടന്നുവെന്നാണ് കേസ്. പ്രിന്റർ അന്നമ്മ ചാക്കോ, പരീക്ഷ ഭവൻ മുൻ സെക്രട്ടറിമാരായ എസ് രവീന്ദ്രൻ, വി സാനു എന്നിവരാണ് കേസിലെ പ്രതികൾ.

ചോദ്യപേപ്പർ അച്ചടിക്ക് ഇല്ലാത്ത കമ്പനിക്ക് 1.33 കോടി രൂപയാണ് പരീക്ഷാഭവൻ നൽകിയത്. മുൻപ് കരാർ ലഭിച്ച അച്ചടി ശാലകൾ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ബിനാമി കമ്പനിയുടെ മറവിൽ സർക്കാരിനെ പറ്റിച്ച് പണം തട്ടിയെന്നാണ് സി.ബി.ഐ യുടെകുറ്റപത്രത്തിൽ പറയുന്നത്.2001-ലെ എസ്.എസ്.എൽ.സി പരീക്ഷാ ചോദ്യപേപ്പർ അച്ചടിച്ചതിന് 80.77 ലക്ഷം രൂപയായിരുന്നു ചെലവ്. കൊൽക്കത്തയിലെ എച്ച്. കുണ്ടു എന്ന കമ്പനിയാണ് ചോദ്യപേപ്പർ അച്ചടിച്ചത്. 2002ൽ എച്ച്. കുണ്ടു 70 ലക്ഷം രൂപയും ചെന്നൈ കമ്പനിയായ എം.വി. മണി പ്രിന്റേഴ്സ് 64 ലക്ഷവും ക്വോട്ട് ചെയ്തു. കുറഞ്ഞ തുക ക്വോട്ട് ചെയ്ത എം.വി. മണി പ്രിന്റേഴ്സിന് കരാർ നൽകി.

പരീക്ഷാ കമ്മീഷണർ, പരീക്ഷാഭവൻ സെക്രട്ടറി, സീനിയർ ഫിനാൻസ് ഓഫീസർ എന്നിവർ അംഗങ്ങളായി പ്രിന്റിംഗ് തുകയിൽ വിലപേശൽ നടത്താൻ മൂന്നംഗ കമ്മറ്റിയെ നിയോഗിച്ചിരുന്നു. സെക്രട്ടറിയും ഉദ്യോഗസ്ഥരും പരിശോധിച്ച് ഉറപ്പാക്കുന്ന ഫയലുകളാണ് കമ്മറ്റിയുടെ പരിഗണനയ്ക്ക് വന്നിരുന്നതെന്നും കമ്മീഷണർ അറിയിച്ചു. സി.ബി.ഐ നടത്തിയ അന്വേഷണത്തിൽ 2002 മുതൽ 2004 വരെയുള്ള എസ്.എസ്.എൽ.സി ചോദ്യപേപ്പർ അടക്കം 32 പരീക്ഷാ ചോദ്യപേപ്പറുകളുടെ അച്ചടിയുമായി ബന്ധപ്പെട്ട് 1.33 കോടി രൂപയുടെ നഷ്ടം ഉദ്യോഗസ്ഥരും കരാർ കമ്പനികളും ചേർന്ന് സർക്കാരിന് വരുത്തിവച്ചതായി കണ്ടെത്തിയിരുന്നു.

എസ്.എസ്.എൽ.സി ചോദ്യപേപ്പർ അച്ചടി കരാറിലെ ബില്ലുകളും അനുബന്ധ രേഖകളും വിലയിരുത്തിയത് അന്നത്തെ പരീക്ഷാഭവൻ സെക്രട്ടറിയും ഉദ്യോഗസ്ഥരുമായിരുന്നുവെന്ന് 2002-2003 ൽ പരീക്ഷാ കമ്മിഷണറായിരുന്ന എം. ഗോപാലൻ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി കെ. സനിൽ കുമാർ മുമ്പാകെ മൊഴി നൽകിയിരുന്നു. ചെക്കുകൾ ഒപ്പിടുക മാത്രമാണ് താൻ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here