പരസ്യത്തില്‍ അഭിനയിച്ച താരത്തിനും കമ്പനിക്കും പിഴ : ഏഴുവര്‍ഷത്തെ നിയമപോരാട്ടം

0
132

തൃശ്ശൂര്‍: പരസ്യചിത്രങ്ങളില്‍ ധാരാളമായി സാധാരണക്കാര്‍ വഞ്ചിക്കപ്പെടാറുണ്ട്. എന്നാല്‍ തലയില്‍ എണ്ണപുരട്ടിയാല്‍ ആഴ്ചകള്‍ക്കകം മുടി സമൃദ്ധമായി വളരും എന്നു പറഞ്ഞ് പുറത്തിറങ്ങിയ പരസ്യം വിശ്വസിച്ച് എണ്ണ ഉപയോഗിച്ച വ്യക്തിക്ക് മുടി വളര്‍ന്നില്ല. ഉപഭോക്താവ് കോടതിയെ സമീപിച്ചു. ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം തെറ്റായ വാര്‍ത്തകള്‍ പറഞ്ഞ് ഉപഭോക്താവിനെ വഞ്ചിച്ച കേസില്‍ അഭിനയിച്ച നടനായ അനൂപ്‌മേനോനും ഹെയര്‍ ഓയില്‍ ധാത്രിയുടെ ഉടമയ്ക്കും കോടതി പിഴ വിധിച്ചു.

തൃശ്ശൂര്‍ വൈലത്തൂര്‍ സ്വദേശി ഫ്രാന്‍സിസ് വടക്കനാണ് പരാതി നല്‍കിയത്. ഈ പരാതിയില്‍ വിധി വന്നപ്പോഴാണ് അഭിനയിച്ച അനൂപ്‌മേനോന്‍, ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍, ഉല്പന്നം വിറ്റ ഡീലറായ മെഡിക്കല്‍ ഷോപ്പ് ഉടമ എന്നിവര്‍ക്ക് കോടതി പിഴ ശിക്ഷ വിധിച്ചത്.

ഉല്പന്നത്തിന്റെ ഗുണനിലവാരം ബോധ്യപ്പെടാതെ പരസ്യചിത്രത്തില്‍ അഭിനയിച്ചതാണ് അനൂപ് മേനോന്റെ എതിരായ കുറ്റം. അനുപ് മേനോനോട് കോടതി ധാത്രിയെക്കുറിച്ച് ചോദിച്ചപ്പോള്‍, താന്‍ ആ ഉല്പന്നം ഉപയോഗിക്കാറില്ലെന്നും. അമ്മ കാച്ചിത്തന്ന എണ്ണയാണ് ഉപയോഗിക്കാറുള്ളതെന്നും കോടതിയോട് വ്യക്തമാക്കി. ധാത്രി ഉപയോഗിച്ചാല്‍ ആറ് ആഴ്ചകൊണ്ട് മുടി വളരുമെന്നാണ് കമ്പനി നല്‍കിയ വാഗ്ദാനം. ഇതു കണ്ട് ഫ്രാന്‍സിസ് സ്ഥിരമായി കമ്പനി എണ്ണ ഉപയോഗിക്കാന്‍ തുടങ്ങി. എന്നാല്‍ ഫലം ഒന്നും ഉണ്ടായില്ല. ഒടുക്കമാണ് അദ്ദേഹം നിരാശനായി പരാതിയുമായി കമ്പനിയെ സമീപിച്ചത്.

ഫ്രാന്‍സിസ് നഷ്ടപരിഹാരം ചോദിച്ച് കമ്പനിക്കെതിരെ നോട്ടീസ് അയച്ചു. എന്നാല്‍ കമ്പനി വളരെ മോശമായി ഇതിനെ കാണുകയും ഫ്രാന്‍സിസിനെതിരെ നിഷേധാത്മകമായി പെരുമാറുകയും ചെയ്തപ്പോഴാണ് അദ്ദേഹം കേസ് രജിസ്റ്റര്‍ ചെയ്തത്. തൃശ്ശൂരിലെ അഭിഭാഷകനായ എ.ഡി. ബെന്നിയാണ് കേസ് ഫയല്‍ ചെയ്തത്. ആദ്യ സിറ്റിങ് കഴിഞ്ഞപ്പോള്‍ കമ്പനി ഒത്തുതീര്‍പ്പിനായി സമീപിച്ചു. എന്നാല്‍ കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം വാങ്ങിച്ചേ അടങ്ങുള്ളൂ എന്ന ഫ്രാന്‍സിസിന്റെ തീരുമാനമാണ് കേസിനെ മുമ്പോട്ടു കൊണ്ടുപോയത്.

തോന്നയതുപോലെ പണം മാത്രം വാങ്ങിച്ച് അഭിനയിക്കുന്ന എല്ലാവര്‍ക്കും ഇതൊരു പാഠമാവണം എന്ന് ഫ്രാന്‍സിസ് പറഞ്ഞു. പല പ്രൊഡക്ടുകളുടെയും ഗുണനിലവാരം ഇത്തരക്കാര്‍ അറിയുന്നില്ല. ഗുണനിലവാരം ബോധ്യപ്പെടാതെ ഇത്തരം കാര്യങ്ങള്‍ വെളിപ്പെടുത്തി പറയുന്ന രീതിയില്‍ അഭിനയിച്ച്, കാഴ്ചക്കാരെ പറ്റിക്കുന്ന രീതി മാറണമെന്നാണ് ഫ്രാന്‍സിസ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here