gnn24x7

വിലാപയാത്രയും തിരുവാതിരകളിയും ഒരേ സമയം; മെഗാ തിരുവാതിര മാറ്റിവയ്‌ക്കേണ്ടതായിരുന്നുവെന്നു തെറ്റ് സമ്മതിച്ച് സിപിഎം ജില്ലാ സെക്രട്ടറി

0
542
gnn24x7

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനു മുന്നോടിയായി പാറശാലയിൽ ചൊവ്വാഴ്ച സംഘടിപ്പിച്ച മെഗാ തിരുവാതിരക്കളിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ തെറ്റ് സമ്മതിച്ച് സിപിഎം. മെഗാ തിരുവാതിരക്കളി മാറ്റിവയ്ക്കേണ്ടതായിരുന്നുവെന്നും അന്നത്തെ ദിവസം വേണ്ടിയിരുന്നില്ലെന്നും തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വ്യക്തമാക്കിയത്.

കോവിഡ് മാനദണ്ഡം ലംഘിച്ചിട്ടില്ലെന്നും അകലം പാലിക്കാന്‍ നിലത്ത് കളം വരച്ചിരുന്നുവെന്നും ആനാവൂര്‍ വ്യക്തമാക്കി. എല്ലാവരും തയാറെടുത്ത് വന്നപ്പോൾ മാറ്റി വയ്ക്കണമെന്ന് പറയാനായില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. ഇടുക്കി എൻജിനീയറിങ് കോളജിൽ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ മൃതദേഹവുമായി അവിടെനിന്നു കണ്ണൂർ തളിപ്പറമ്പിലേക്കുള്ള വിലാപ യാത്ര നടക്കുമ്പോഴായിരുന്നു തിരുവാതിരക്കളി.

സംസ്ഥാനത്ത് ഒമിക്രോൺ പടരുന്ന പശ്ചാത്തലത്തിൽ പൊതുപരിപാടികൾക്കു കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കെ, തിരുവാതിര കളിച്ചത് 502 വനിതകൾ. ജനാധിപത്യ മഹിളാ അസോസിയേഷൻ പാറശാല ഏരിയ കമ്മിറ്റിയായിരുന്നു സംഘാടനം. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി.ആർ.സലൂജ നേതൃത്വം നൽകി.

പാർട്ടി സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ തിരുവാതിരക്കളി ഒഴിവാക്കേണ്ട പരിപാടിയായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു. ഒരു പ്രവർത്തകൻ കൊല്ലപ്പെട്ടാൽ സന്തോഷിക്കുന്നത് കോൺഗ്രസിന്റെ സംസ്കാരമാണെന്നും ധീരജിന്റെ വേർപാടിൽ ദുഃഖിച്ചിരിക്കുന്ന ഞങ്ങളെ നോക്കി സന്തോഷിക്കുകയാണെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നത് പ്രകോപനം സൃഷ്ടിക്കാനാണെന്നും കോടിയേരി പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here