gnn24x7

കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ മലയാളി യുവതിക്ക് സുഖപ്രസവം

0
1309
gnn24x7

കൊച്ചി: ലണ്ടനിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ മലയാളി യുവതിക്ക് സുഖപ്രസവം. ചൊവ്വാഴ്ച രാത്രി ലണ്ടനിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനത്തിലാണ് പത്തനംതിട്ട സ്വദേശിയായ മരിയ ഫിലിപ്പ് പ്രസവിച്ചത്. ഏഴ് മാസം ഗര്‍ഭിണിയായിരുന്ന മരിയ നാട്ടിലേക്കുള്ള യാത്രയിലായിരുന്നു. വിമാനം ലണ്ടനില്‍ നിന്നും പുറപ്പെട്ട് കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ മരിയക്ക് പ്രസവ വേദന അനുഭവപ്പെട്ടു.

കാബിൻ ജീവനക്കാരെ വിവരമറിയിച്ചതിനെ തുടർന്ന്, വിമാനത്തിലുണ്ടായിരുന്ന 2 ഡോക്ടർമാരെ കണ്ടെത്തി. കൊച്ചിയിലേക്കുള്ള യാത്രക്കാരായിരുന്ന 4 നഴ്സുമാരും സഹായിക്കാനെത്തി. പ്രസവത്തെ തുടർന്ന് അമ്മയ്ക്കും കുഞ്ഞിനും മെഡിക്കൽ സഹായം നൽകുന്നതിനായി വിമാനം ജർമനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലിറക്കി. വിമാനത്തില്‍ നിന്ന് ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലേക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയിരുന്നതിനാൽ അവിടെ അടിയന്തര മെഡിക്കൽ സംവിധാനങ്ങളൊരുക്കിയിരുന്നു.

തിരിച്ചുവിട്ടതിനെ തുടർന്ന് 6 മണിക്കൂർ വൈകിയാണ് വിമാനം (Flight) കൊച്ചിയിലെത്തിയത്. പുലർച്ചെ ഫ്രാങ്ക്ഫർട്ടിൽ‌ നിന്ന് പുറപ്പെട്ട വിമാനം രാവിലെ 9.45നു കൊച്ചിയിലിറങ്ങി. യുവതിയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്കായി ധീരവും സമയോചിതവുമായ ഇടപെടൽ നടത്തിയ പൈലറ്റുമാരെയും ഡോക്ടര്‍മാരെയും ജീവനക്കാരെയും സിയാലിന്റെ നേതൃത്വത്തിൽ അഭിനന്ദിച്ചു.

gnn24x7