gnn24x7

അറസ്റ്റിലാകുന്നവരുടെയും റിമാൻഡ് തടവുകാരുടെയും ശരീരത്തിന്റെ സമഗ്ര പരിശോധന നടത്തണമെന്ന് മെഡിക്കോ – ലീഗല്‍ പ്രോട്ടോകോളിൽ നിർദേശം

0
171
gnn24x7

തിരുവനന്തപുരം: അറസ്റ്റിലായ വ്യക്തികള്‍, റിമാൻഡ് തടവുകാർ എന്നിവരെ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കുമ്പോള്‍, മുറിവുകൾ കണ്ടെത്തുന്നതിനു ശരീരത്തിന്റെ സമഗ്ര പരിശോധന നടത്തണമെന്നു മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയ മെഡിക്കോ – ലീഗല്‍ പ്രോട്ടോകോളിൽ നിർദേശം. പീഡനത്തെ സൂചിപ്പിക്കുന്ന മുറിവുകൾ, സ്വകാര്യ ഭാഗങ്ങളിലെ മുറിവുകൾ എന്നിവയുണ്ടോ എന്നു പ്രത്യേകം പരിശോധിക്കണം.

ശാരീരിക ബലപ്രയോഗത്തിന്റെ രീതി സൂചിപ്പിക്കുന്ന പ്രത്യേക ലക്ഷണങ്ങൾ ഉണ്ടെങ്കിൽ രേഖപ്പെടുത്തണം. ഗുരുതര പരുക്കെങ്കിൽ ലഭ്യമായ പരിശോധനകൾ കാലതാമസം കൂടാതെ നടത്താൻ മെഡിക്കൽ ഓഫിസർ ഉത്തരവു നൽകണം. പൊലീസ് കസ്റ്റഡിയിലിരിക്കെ എന്തെങ്കിലും പീഡനങ്ങളോ ശാരീരിക ആക്രമണങ്ങളോ ഉണ്ടായെങ്കിൽ അക്കാര്യം അറസ്റ്റിലായ വ്യക്തിയോടു ചോദിച്ച് മെഡിക്കൽ ഓഫിസർ രേഖപ്പെടുത്തണമെന്നും ഇതിൽ നിർദ്ദേശമുണ്ട്.

സ്ത്രീയെങ്കിൽ കേന്ദ്ര-സംസ്ഥാന സർക്കാർ സേവനത്തിൽ ഉള്ള വനിതാ മെഡിക്കൽ ഓഫിസറോ വനിതാ മെഡിക്കൽ ഓഫിസറുടെ മേൽനോട്ടത്തിലോ വൈദ്യ പരിശോധന നടത്തണം. അവരുടെ അഭാവത്തിൽ മാത്രം സ്വകാര്യ ആശുപത്രികളിലെ വനിതാ മെഡിക്കൽ ഓഫിസറെ സമീപിക്കാം. മുറിവുകളോ ആക്രമണത്തിന്റെ അടയാളങ്ങളോ ഉണ്ടായാൽ ഏകദേശ സമയം രേഖപ്പെടുത്തി മെഡിക്കൽ എക്സാമിനേഷൻ റിപ്പോർട്ട് തയാറാക്കണം. നിലവിൽ അസുഖ ബാധിതനാണോ, മുൻകാല രോഗബാധയുണ്ടോ എന്നീ വിവരങ്ങളും തേടണം. നിലവിൽ മരുന്നു കഴിക്കുന്നുണ്ടെങ്കിൽ അതും രേഖപ്പെടുത്തണം.

നിർദിഷ്ട ഫോർമാറ്റിൽ അറസ്റ്റിലായ വ്യക്തിയുടെ വൈദ്യ പരിശോധനാ റിപ്പോർട്ട് തയാറാക്കണം. അറസ്റ്റിലായ വ്യക്തിയുടെ മെഡിക്കോ–ലീഗൽ പരിശോധനയ്ക്കുള്ള അപേക്ഷ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സേവനത്തിനുള്ള ഒരു മെഡിക്കൽ ഓഫിസർക്കു നൽകണം. അവരുടെ അഭാവത്തിൽ മാത്രം സ്വകാര്യ ആശുപത്രിയിലെ റജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർക്ക് നൽകാം. 24 മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ട മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കേണ്ടതിനാൽ വൈദ്യ പരിശോധനയ്ക്കു കൊണ്ടുവരുമ്പോൾ ഒപി രോഗികളുടെ ഇടയിൽ കാത്തുനിൽക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്നും ഇതിൽ നിർദ്ദേശിക്കുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here