gnn24x7

കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ഭയമോ ആശങ്കയോ വേണ്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

0
611
gnn24x7

തിരുവനന്തപുരം: കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ഭയമോ ആശങ്കയോ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഓരോരുത്തരും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് വേണ്ടത്. സമ്പൂര്‍ണ അടച്ചിടല്‍ ജനജീവിതത്തെ സാരമായി ബാധിക്കും. സംസ്ഥാനമാകെ അടച്ച് പൂട്ടിയാല്‍ ജനങ്ങളെല്ലാം സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകും. കടകള്‍ അടച്ചിട്ടാല്‍ വ്യാപാരികളെ ബാധിക്കും. വാഹനങ്ങള്‍ നിരത്തിലിറങ്ങാതെയിരുന്നാല്‍ അത് എല്ലാവരെയും ബാധിക്കും. അതിനാല്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ശാസ്ത്രീയമായ സ്ട്രാറ്റജിയാണ് കേരളം ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ജില്ലയിലെ ആശുപത്രികളിലെ രോഗികളുടെ എണ്ണം അനുസരിച്ചാണ് ഇപ്പോഴത്തെ കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഒന്നും രണ്ടും തരംഗത്തില്‍ നിന്നും വ്യത്യസ്തമാണ് കേവിഡിന്റെ മൂന്നാം തരംഗം. കോവിഡ് തുടങ്ങിയ ആദ്യ തരംഗത്തില്‍ ലോകത്താകമാനം വ്യക്തമായ പ്രോട്ടോകോളില്ലായിരുന്നു. അതിനാലാണ് രാജ്യമാകമാനം ലോക്ഡൗണിലേക്ക് പോയത്. രണ്ടാം തരംഗത്തിൽ ജനുവരിയോടെ വാക്‌സിനേഷന്‍ ആരംഭിച്ചു. സംസ്ഥാനത്ത് 2021 മേയ് 12ന് ഏറ്റവും കൂടുതല്‍ കേസ് (43,529) റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ വാക്‌സിനേഷന്‍ 20 ശതമാനമാനത്തിനടുത്തായിരുന്നു. അതിനുശേഷം പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവുകള്‍ ആവിഷ്‌ക്കരിച്ചു. ഇപ്പോള്‍ 18 വയസ്സിനു മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്‌സിനേഷന്‍ 100 ശതമാനമാണ്. ഇതോടെ ഭൂരിപക്ഷം പേർക്കും കോവിഡ് പ്രതിരോധശേഷി കൈവരിക്കാനായി. അതിനാലാണ് ഇപ്പോള്‍ കോവിഡ് കേസുകള്‍ ഉയരുന്നുണ്ടെങ്കിലും ആശുപത്രികളിലാകുന്നവരുടെ എണ്ണം കുറവാകുന്നത്. നിലവില്‍ ചികിത്സയിലുള്ള 1,99,041 കേസുകളിൽ 3 ശതമാനം പേരാണ് ആശുപത്രിയിലുള്ളത്. ടിപിആര്‍ മാനദണ്ഡമാക്കുന്നത് വളരെ മുൻപു തന്നെ മാറ്റം വരുത്തിയിരുന്നു. ഇപ്പോള്‍ ടിപിആര്‍ മാനദണ്ഡമാക്കുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്തിയാല്‍ മതി. അതിനാല്‍ പരിശോധന നടത്തുന്ന വലിയൊരു വിഭാഗത്തിനും കോവിഡ് വരാന്‍ സാധ്യതയുണ്ട്. അപ്പോള്‍ സ്വാഭാവികമായും ടിപിആര്‍ ഉയര്‍ന്നു നില്‍ക്കും.

മെഡിക്കല്‍ കോളജുകളില്‍ 239 ഐസിയു, ഹൈ കെയര്‍ കിടക്കകള്‍, 222 വെന്റിലേറ്റര്‍, 85 പീഡിയാട്രിക് ഐസിയു കിടക്കകള്‍, 51 പീഡിയാട്രിക് വെന്റിലേറ്ററുകള്‍, 878 ഓക്‌സിജന്‍ കിടക്കള്‍, 113 സാധാരണ കിടക്കകള്‍ എന്നിവ ഉള്‍പ്പെടെ 1588 കിടക്കള്‍ പുതുതായി സജ്ജമാക്കിയിട്ടുണ്ട്. ലിക്വിഡ് ഓക്‌സിജന്റെ സംഭരണ ശേഷിയും വര്‍ധിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി നിലവില്‍ 1817.54 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ സംഭരണ ശേഷിയുണ്ട്. 159.6 മെട്രിക് ടണ്‍ അധിക സംഭരണശേഷി സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here