ചുമ 2–3 ആഴ്ചയിലേറെ നീണ്ടാൽ ക്ഷയത്തിന്റേത് ഉൾപ്പെടെ മറ്റു പരിശോധനകൾ; കേന്ദ്രം പുതിയ കോവിഡ് ചികിത്സാ മാർഗരേഖ പുറത്തുവിട്ടു

0
207

ന്യൂഡൽ: കോവിഡിനെ തുടർന്നുള്ള ചുമ 2–3 ആഴ്ചയിലേറെ നീണ്ടാൽ ക്ഷയത്തിന്റേത് ഉൾപ്പെടെ മറ്റു പരിശോധനകൾ കൂടി നടത്തണമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ ചികിത്സാ മാർഗരേഖയിൽ നിർദേശിച്ചു. കോവിഡ് ചികിത്സയിൽ അടിയന്തര ഉപയോഗാനുമതിയുള്ളത് ആന്റിവൈറൽ മരുന്നായ റെംഡെസിവിറും മോണോക്ലോണൽ ആന്റിബോഡി മരുന്നായ ടോസിലിസുമാബും മാത്രമാണെന്നും ഡൽഹി എയിംസിന്റെ നേതൃത്വത്തിൽ തയാറാക്കിയ മാർഗരേഖയിലുണ്ട്. വിപരീതഫലം ഉണ്ടാകുമെന്ന ആശങ്ക മൂലം ആന്റിവൈറൽ മരുന്നായ മോൽനുപിരാവിർ ഉൾപ്പെടുത്തിയില്ല.

റെംഡിസിവിർ ഓക്സിജൻ സഹായം ആവശ്യമുള്ളവർക്കും ഇടത്തരം, ഗുരുതര കോവിഡ് ബാധയുള്ളവർക്കും നൽകാം. കോവിഡ് ലക്ഷണങ്ങൾ തുടങ്ങി 10 ദിവസത്തിനുള്ളിൽ തന്നെ മരുന്നു കഴിക്കണം. വൃക്കരോഗം, കരൾവീക്കം എന്നിവ ഗുരുതരമായവർക്കു നൽകരുത്.

ടോസിലിസുമാബ് അതീവഗുരുതരാവസ്ഥയിലുള്ളവർക്ക് ഐസിയുവിൽ പ്രവേശിപ്പിച്ച് 24– 48 മണിക്കൂറിനുള്ളിൽ നൽകണം. ശ്വാസകോശത്തെ ബാധിക്കുന്ന സൈറ്റോകൈൻ സിൻഡ്രോം പോലുള്ള അവസ്ഥയിലാണ് ഇതുപയോഗിക്കേണ്ടത്. മറ്റു മരുന്നുകൾ ഫലപ്രദമാകാത്ത ചികിത്സയുടെ അവസാനഘട്ടത്തിലും ഉപയോഗിക്കാം.

60 വയസ്സിനു മുകളിലുള്ളവർ, അമിതവണ്ണമുള്ളവർ, ഹൃദയസംബന്ധമായ പ്രശ്നം, പ്രമേഹം, എച്ച്ഐവി ഉൾപ്പെടെ രോഗങ്ങൾ മൂലം പ്രതിരോധശേഷി കുറഞ്ഞവർ, ക്ഷയബാധിതർ, ശ്വാസകോശം, കരൾ, വൃക്ക തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നമുള്ളവർ, മസ്തിഷ്ക പ്രശ്നമുള്ളവർ എന്നിവയിൽ ഉൾപ്പെടുന്നവരെയാണ് പുതിയ ചികിത്സാ മാർഗരേഖയിയിൽ കോവിഡ് ഗുരുതരമാകാൻ സാധ്യതയുള്ള ‘ഹൈ റിസ്ക്’ വിഭാഗം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇവർക്കു നേരിയ രോഗബാധയാണെങ്കിലും ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഹോം ഐസലേഷൻ പാടുള്ളൂ.

ശ്വാസകോശത്തെ കാര്യമായി ബാധിക്കാത്തവർ. ശ്വാസതടസ്സം ഉൾപ്പെടെയുള്ള പ്രശ്നങ്ങളില്ലെന്നും പനി 5 ദിവസത്തിലേറെ നീളുന്നില്ലെന്നും ഉറപ്പാക്കണം. രക്തത്തിലെ ഓക്സിജൻ അളവ് 90നു താഴെയാകുക, ശ്വാസമിടിപ്പ് മിനിറ്റിൽ 30ൽ കൂടുതലാകുക തുടങ്ങിയവ ഗുരുതര സാഹചര്യമായി കണ്ട്, ഐസിയുവിലേക്കു മാറ്റണം.

LEAVE A REPLY

Please enter your comment!
Please enter your name here