gnn24x7

77 വർഷങ്ങൾക്കു ശേഷം ആൻ ഫ്രാങ്കിന്റെ ഒറ്റുകാരനെ ആധുനിക സാങ്കേതികവിദ്യയിലൂടെ കണ്ടെത്തി

0
351
gnn24x7

ആംസ്റ്റർഡാം: നാത്‌സി ഭീകരതകൾ തന്റെ ഡയറിയിലൂടെ ലോകത്തെ അറിയിച്ച ആൻ ഫ്രാങ്കിനെ ഒറ്റുകൊടുത്തത് ആരായിരുന്നുവെന്ന് കംപ്യൂട്ടർ അൽഗൊരിതങ്ങളും മറ്റും ഉപയോഗിച്ച് ആധുനിക സാങ്കേതികവിദ്യയിലൂടെ മുൻ എഫ്ബിഐ ഏജന്റ് വിൻസ് പാൻകോക്കും ചരിത്രകാരന്മാരും ഉൾപ്പെടുന്ന സംഘം ‘ഉത്തരം’ കണ്ടെത്തിയിരിക്കുന്നു . ജൂതനായ ആർനൾഡ് വാൻ ഡെൻ ബെർഗ് ആണ് ആനിനെ ഒറ്റുകൊടുത്തതെന്ന് 6 വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ ഇവർ പറയുന്നു. അക്കാലത്തു ജീവിച്ചിരുന്നവരുടെ പരിചയശൃംഖല കണ്ടെത്താനാണു കംപ്യൂട്ടർ അൽഗൊരിതം സാധ്യതകൾ ഉപയോഗിച്ചത്.

ജർമൻ– ഡച്ച് ജൂത ബാലികയായ ആൻ ഫ്രാങ്ക്, നെതർലൻഡ്സ് ജർമൻ അധീനതയിലായതിനെത്തുടർന്ന് 1942 മുതൽ ഒളിവിലായിരുന്നു. 1945 ഫെബ്രുവരിയിൽ പതിനഞ്ചാം വയസ്സിൽ നാത്‌സികളുടെ പിടിയിലാകുകയും തുടർന്നു കൊല്ലപ്പെടുകയും ചെയ്തു. വാൻ ഡെൻ ബെർഗ് ഇക്കാലത്ത് ആംസ്റ്റർഡാമിലെ ജൂത കൗൺസിൽ അംഗമായിരുന്നു. ജൂത മേഖലകളിൽ നാത്‌സി നയങ്ങൾ നടപ്പാക്കുകയായിരുന്നു കൗൺസിലിന്റെ ദൗത്യം. 1943ൽ കൗൺസിൽ പിരിച്ചുവിട്ട് അംഗങ്ങളെ കോൺസൻട്രേഷൻ ക്യാംപുകളിലേക്ക് അയച്ചെങ്കിലും വാൻ ഡെൻ ബെർഗിന് ഇളവു ലഭിച്ചു. മറ്റു ജൂതരെ ഒറ്റുകൊടുത്താകാം ഇതു സാധ്യമായതെന്നാണു നിഗമനം. ഒടുവിൽ തന്നെക്കൊണ്ടുള്ള ആവശ്യം കഴിഞ്ഞ് ക്യാംപിലാകുമെന്നു തോന്നിയ ഘട്ടത്തിൽ നിർണായക വിവരമായി ആനിനെക്കുറിച്ച് അറിയിച്ചതാകുമെന്നും കരുതുന്നു. വാൻ ഡെൻ ബെർഗാണു വിവരം നൽകിയതെന്നു പറയുന്ന അജ്ഞാത കത്ത് ആനിന്റെ പിതാവ് ഓട്ടോ ഫ്രാങ്കിനു ലഭിച്ചിരുന്നതായി മുൻപൊരു അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതാണു ശരിയെന്ന നിഗമനത്തിലാണ് ഇപ്പോഴത്തെ അന്വേഷണവും ചെന്നെത്തുന്നത്. വാൻ ഡെൻ ബെർഗ് 1950ൽ മരിച്ചു. ആരോപണ മുന ജൂതനിലേക്കുതന്നെ എത്തുന്നതിനാലാകാം തനിക്കു ലഭിച്ച വിവരം ഓട്ടോ ഫ്രാങ്ക് വെളിപ്പെടുത്താതിരുന്നതെന്നാണു അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here