gnn24x7

പിൻവാതിൽ നീക്കങ്ങൾ തകൃതി; അവിശ്വാസപ്രമേയം പിൻവലിച്ചാൽ നാഷനൽ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്ന് ഇമ്രാൻ ഖാൻ

0
115
gnn24x7

ലാഹോർ: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം പാസാകുമെന്ന് ഉറപ്പായ സാഹചര്യത്തിൽ പിൻവാതിൽ നീക്കങ്ങൾ തകൃതി. അവിശ്വാസപ്രമേയം പിൻവലിച്ചാൽ നാഷനൽ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്ന് ഇമ്രാൻ ഖാൻ നിർദേശിച്ചു. ഇക്കാര്യം സൂചിപ്പിച്ച് പ്രതിപക്ഷ നേതാവ് ഷഹബാസ് ഷെരീഫിന് ഇമ്രാൻ ഖാൻ പ്രത്യേക ദൂതൻ വഴി കത്തു നൽകി.

എന്നാൽ അവിശ്വാസ പ്രമേയം പിൻവലിച്ചശേഷം ഇമ്രാൻ ഖാൻ വാക്കു മാറ്റുമോയെന്ന സംശയമുള്ളതിനാൽ പ്രതിപക്ഷം ഇത് അംഗീകരിച്ചിട്ടില്ല. ഇരുവിഭാഗത്തിനും സമ്മതനായ ഒരാൾ പ്രതിപക്ഷത്തിന് ഉറപ്പുനൽകിയതായാണ് സൂചന. പ്രധാനമന്ത്രിയുടെ നിർദേശം അംഗീകരിച്ചാൽ ഓഗസ്റ്റിൽ തിരഞ്ഞെടുപ്പ് നടക്കും. കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയും ഇമ്രാനും കൂടിക്കാഴ്ച നടത്തിയെന്ന് വാർത്താവിതരണ മന്ത്രി ഫവാദ് ചൗധരി സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഇമ്രാൻ ഖാൻ കത്തു നൽകിയെന്ന വിവരവും പുറത്തുവരുന്നത്.

മുഖ്യ ഘടകകക്ഷിയായ മുത്താഹിദ ക്വാമി മൂവ്‌മെന്റ്–പാക്കിസ്ഥാൻ (എംക്യുഎം–പി) കൂടി പിന്തുണ പിൻവലിച്ചതോടെയാണ് ഇമ്രാൻ സർക്കാരിനു കേവലഭൂരിപക്ഷം നഷ്ടമായത്. എംക്യുഎമ്മിന്റെ രണ്ടു മന്ത്രിമാരും രാജിക്കത്ത് നൽകി. ഏഴ് അംഗങ്ങളാണ് എംക്യുഎമ്മിനുള്ളത്.

പ്രതിപക്ഷ സഖ്യത്തിനൊപ്പം ചേരുന്നതായി മറ്റൊരു ഘടകകക്ഷിയായ ബലൂചിസ്ഥാൻ അവാമി പാർട്ടി (4 അംഗങ്ങൾ) തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ഇതോടെ പ്രതിപക്ഷ സഖ്യത്തിൽ 177 അംഗങ്ങളായെന്നാണു സൂചന. 342 അംഗ പാർലമെന്റിൽ അവിശ്വാസം വിജയിക്കാൻ 172 വോട്ടുകളാണു വേണ്ടത്. 155 അംഗങ്ങളുള്ള ഇമ്രാന്റെ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) 2018 ൽ ചെറുകക്ഷികളുടെ പിന്തുണയോടെയാണു സർക്കാരുണ്ടാക്കിയത്.

പാക്കിസ്ഥാന്റെ ചരിത്രത്തിൽ ഇതുവരെ ഒരു പ്രധാനമന്ത്രി പോലും കാലാവധി തികച്ചിട്ടില്ല. അതേസമയം, ഒരു പ്രധാനമന്ത്രി പോലും അവിശ്വാപ്രമേയത്തിലൂടെ പുറത്താക്കപ്പെട്ടിട്ടുമില്ല. അവിശ്വാസ പ്രമേയം നേരിടുന്ന മൂന്നാമത്തെ പാക്ക് പ്രധാനമന്ത്രിയാണ് ഇമ്രാൻ ഖാൻ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here